ന്യൂ ഡല്‍ഹി : ചിരഞ്ജീവിയും വിജയ് സേതുപതിയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ തീ പടര്‍ന്നതായി റിപ്പോര്‍ട്ട്. ഏറ്റവും പുതിയ തെലുങ്ക് ചിത്രമായ സായ് റാ നരസിംഹറെഡ്ഢിയുടെ ഹൈദരാബാദിലെ ലൊക്കേഷനിലാണ്‌ തീ പടര്‍ന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ ഐ എ എന്‍ എസ് റിപ്പോര്‍ട്ട് ചെയ്തു. 

ചിരഞ്ജീവിയുടെ ഹൈദരാബാദിലുള്ള ഫാം ഹൗസിനടുത്തുള്ള ഗണ്ടിപേട്ട് കായലിലിനടുത്താണ് തീപിടുത്തമുണ്ടായത്. സ്ഥലനിവാസികള്‍ പുക ഉയരുന്നതു കണ്ട് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. സംഭവം നടക്കുന്ന സമയത്ത് ലൊക്കേഷനില്‍ ആരും തന്നെ ഇല്ലായിരുന്നുവെന്നാണ് സൂചന. അതിനാല്‍ ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ശക്തമായി വീശിയിരുന്ന കാറ്റില്‍ ഇലക്ട്രിക് വയറുകള്‍ ഇളകി ഷോര്‍ട്ട് സെര്‍ക്യൂട്ട് ആയതാകാം തീ പടരാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. തീപിടുത്തത്തില്‍ സെറ്റ് ഭാഗികമായി തകര്‍ന്നിട്ടുണ്ട്. തക്ക സമയത്ത് അഗ്നിശമന സേനയും എത്തിയതിനാല്‍ കൂടുതല്‍ അപകടം ഒഴിവായി.

ഇന്ത്യാ ചരിത്രത്തില്‍ 1857ലെ ശിപായി ലഹളയ്ക്കും പത്തു വര്‍ഷം മുമ്പെ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ വീരചരിത്ര നായകന്‍ ഉജ്വലഡ നരസിംഹ റെഡ്ഡിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ് സായ് റാ നരസിംഹ റെഡ്ഢി. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ വര്‍ഷം പുറത്തു വന്നിരുന്നു. അമിതാഭ് ബച്ചന്‍, വിജയ് സേതുപതി, നയന്‍താര, തമന്ന തുടങ്ങിയ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. രാം ചരണിന്റെ നിര്‍മാണത്തില്‍ സുരേന്ദര്‍ റെഡ്ഢിയാണ് സംവിധാനം ചെയ്യുന്നത്. തെലുങ്ക് കൂടാതെ തമിഴ്, മലയാളം ഭാഷകളിലും ചിത്രം പുറത്തിറങ്ങും.

Content Highlights : fire on Narasimha reddy film sets, Chiranjeevi, Vijay Sethupathy, Nayanthara