മുംബൈ : ബലാത്സംഗക്കേസിൽ ബോളിവുഡ്​ താരം കങ്കണ റണാവത്തിന്റെ അംഗരക്ഷകനെതിരേ എഫ്​.ഐ.ആർ രജിസ്റ്റർ ചെയ്​ത്​ മുംബൈ പൊലീസ്​. കുമാർ ഹെ​ഗ്‍ഡെ എന്ന ആൾക്കെതിരേയാണ് കേസ്. വിവാഹവാഗ്​ദാനം നൽകി കുമാർ പീഡിപ്പിച്ചെന്ന്​ ആരോപിച്ച്​ 30 വയസുകാരിയായ ബ്യൂട്ടീഷനാണ്​ ഡിഎൻ നഗർ പോലീസ് സ്റ്റേഷനിൽ പരാതി​ നൽകിയത്​.

ബലാത്സംഗം, പ്രക‍ൃതി വിരുദ്ധ പീഡനം തുടങ്ങി വിവിധ വകുപ്പുകൾ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. കങ്കണയുടെ സ്വകാര്യ അംഗ രക്ഷകരിലൊരാളാണ് കുമാറെന്നാണ് റിപ്പോർട്ടുകളുണ്ടെങ്കിലും ഇക്കാര്യം സംബന്ധിച്ച് സ്ഥിരീകരണം നടത്താൻ പൊലീസ് തയ്യാറായിട്ടില്ല.

ഐപിസി സെക്ഷൻ 376, 377 എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പരാതിക്കാരിയും കുമാറും തമ്മിൽ ലിവ് ഇൻ റിലേഷൻഷിപ്പിലായിരുന്നു, പിന്നീട് വേർപിരിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ. എട്ട്​ വർഷമായി ഇരുവരും തമ്മിൽ ബന്ധമുണ്ട്. തന്നെ ശാരീരിക ബന്ധത്തിന്​ ഹെഗ്​ഡെ നിർബന്ധിച്ചിരുന്നതായും യുവതി ആരോപിച്ചു. 50000 രൂപ കടംവാങ്ങി മുങ്ങിയ ഹെഗ്​ഡെയെ പിന്നീട്​ വിളിച്ചിട്ട്​ കിട്ടിയിട്ടില്ലെന്നും അവർ പറഞ്ഞു.

ഇക്കഴിഞ്ഞ ജൂണിൽ ഇയാൾ വിവാഹ അഭ്യർഥന നടത്തുകയും യുവതി അത് അംഗീകരിക്കുകയും ചെയ്തു. എന്നാൽ ഇതിന് പിന്നാലെ തന്നെ പല അവസരങ്ങളിലും ബലപ്രയോഗത്തിലൂടെ ശാരീരിക ബന്ധം സ്ഥാപിച്ചു എന്നാണ് യുവതി ആരോപിക്കുന്നത്. ഇക്കഴിഞ്ഞ ഏപ്രിൽ 27ന് മാതാവിന്​ സുഖമില്ലെന്ന്​ പറഞ്ഞ്​ തന്റെ കൈയിൽ നിന്ന്​ 50000 രൂപ വാങ്ങി ഹെഗ്ഡെ കടന്നു കളഞ്ഞുവെന്നും പരാതിയിൽ ആരോപണമുണ്ട്. കേസിൽ അന്വേഷണം പുരേ​ഗമിക്കുകയാണ്. കങ്കണയുടെ ഓഫീസോ അടുത്ത വൃത്തങ്ങളോ ഈ വാർത്തയിൽ പ്രതികരണവുമായി രം​ഗത്തെത്തിയിട്ടില്ല.

content highlights : FIR filed against Kangana Ranauts bodyguard Kumar Hegde in a rape case