മുംബെെ: നടി പായൽ ഘോഷ് നൽകിയ പരാതിയിൽ സംവിധായകൻ അനുരാ​ഗ് കശ്യപിനെതിരേ കേസ്. വെർസോവ പോലീസ് സ്റ്റേഷനിലാണ് പായൽ ഘോഷ് സംവിധായകനെതിരേ പരാതി നൽകിയിരിക്കുന്നത്. 361 (ബലാത്സം​ഗം), 354 (സ്ത്രീകളുടെ അന്തസ്സിനെ നശിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ സ്ത്രീയെ ആക്രമിക്കുക), 341(ബലപ്രയോ​ഗത്തിലൂടെ തടഞ്ഞു വയ്ക്കുക), 342  (തട്ടിക്കൊണ്ടുപോയി അന്യായമായി തടങ്കലില്‍ വെക്കുക) തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 

കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് പായൽ ഘോഷ് അനുരാഗ് കശ്യപിനെതിരേ ലൈംഗികാരോപണവുമായി രംഗത്തെത്തുന്നത്. എബിഎൻ തെലുഗുവിന് നൽകിയ അഭിമുഖത്തിലാണ് പായൽ അനുരാഗിനെതിര ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. തന്നെ ലൈംഗികമായി ഉപദ്രവിച്ച ശേഷം ഇത് സാരമുള്ള കാര്യമല്ലെന്നും തന്നോടൊപ്പം ജോലി ചെയ്ത ഹുമ ഖുറേഷി, മാഹി ഗിൽ എന്നീ താരങ്ങൾ ഒരു വിളിപ്പുറത്താണുള്ളതെന്നും അനുരാഗ് പറഞ്ഞതായി പായൽ ആരോപിച്ചു.

പായലിന്റെ ഈ ആരോപണങ്ങൾ നിഷേധിച്ച് അനുരാഗും രംഗത്തെത്തിയിരുന്നു. പായലിന്റേത് അടിസ്ഥാനരഹിതമയ ആരോപണങ്ങളാണെന്നും തന്നെ നിശബ്ദനാക്കാനാണ് ശ്രമമെന്നുമാണ് അനുരാഗ് പ്രതികരിച്ചത്.

Content Highlights: FIR against director Anurag Kashyap after Payal Ghosh alleges rape