കൊച്ചി: ‘ കൊറോണയിൽ’ കുടുങ്ങിക്കിടക്കുന്നത് 45-ലേറെ മലയാള ചലച്ചിത്രങ്ങൾ. ഇവയ്‍ക്കെല്ലാംകൂടി 650 കോടി രൂപയാണ് മുതൽമുടക്ക്. ചിത്രീകരണം തീർന്നതും പ്രദർശനത്തിനു തയ്യാറായിരിക്കുന്നതും പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടക്കുന്നതും ചിത്രീകരണം പൂർത്തിയാക്കേണ്ടതുമായ ചിത്രങ്ങളാണിവ.

ഇപ്പോഴത്തെ നിലയിൽ രണ്ടുമാസം കഴിഞ്ഞാലേ ചിത്രങ്ങൾ റിലീസ് ചെയ്യാനാകൂ. ഇത് പുതിയ ചിത്രങ്ങളുടെ റിലീസിനെയും ബാധിക്കും.

100 കോടി മുതൽമുടക്കുള്ള മോഹൻലാൽ ചിത്രം ‘ മരക്കാർ-അറബിക്കടലിന്റെ സിംഹം’ പോലുള്ള ബിഗ് ബജറ്റ് ചിത്രങ്ങൾ കുടുങ്ങിക്കിടക്കുന്നതാണ് കനത്ത ആഘാതമായത്. മമ്മൂട്ടിച്ചിത്രം ‘വൺ’, ഫഹദ് ഫാസിലിന്റെ ‘മാലിക്’, ടൊവിനോ ചിത്രം ‘കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്’ തുടങ്ങി വൻ ബജറ്റിലൊരുക്കിയ ചിത്രങ്ങൾകൂടി പെട്ടിയിലാണ്.

ആസിഫ് അലിയുടെ ‘കുഞ്ഞ് എൽദോ’ , ദിലീപിന്റെ ‘ കേശു ഈ വീടിന്റെ നാഥൻ’, കുഞ്ചാക്കോ ബോബന്റെ ‘മോഹൻകുമാർ ഫാൻസ്’ തുടങ്ങിയ ചിത്രങ്ങളും വിഷു റീലിസ് കാത്തിരിക്കുകയായിരുന്നു. ഈസ്റ്ററും വിഷുവും വരുന്ന വേനലവധിക്കാലമെന്ന ‘ചാകര’ യാണ് കൊറോണ കൊണ്ടുപോയത്. ഏപ്രിൽ അവസാനവാരം റംസാൻ നോമ്പ് തുടങ്ങുന്നതിനാൽ അതിനുമുമ്പേ പരമാവധി കളക്ഷൻ നേടാമെന്ന കണക്കുകൂട്ടലിലായിരുന്നു ഈ രംഗത്തുള്ളവർ. മലയാള ചിത്രങ്ങളുടെ കളക്ഷനിൽ 30 ശതമാനത്തിലേറെ ലഭിക്കുന്ന ഗൾഫ് നാടുകളിലെ ലോക്ക്ഡൗണും തിരിച്ചടിയാണ്.

വൻ പ്രതിസന്ധി

വലിയ പ്രതിസന്ധിയിലൂടെയാണ് മലയാള ചലച്ചിത്രരംഗം കടന്നുപോകുന്നത്. ലോക് ഡൗണിൽ കുടുങ്ങിയ 45-ലേറെ സിനിമകളുടെ റിലീസാണ് ആദ്യത്തെ വെല്ലുവിളി. ലോക്ഡൗണിനുശേഷം വിവിധ സംഘടനകളുടെ യോഗംവിളിച്ച് പ്രശ്‌നപരിഹാരത്തിനു ശ്രമിക്കാനാണ് ഒരുങ്ങുന്നത്.

(ആന്റോ ജോസഫ്, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ജനറൽസെക്രട്ടറി)

തിരിച്ചുവരവ് വൈകും

രാജ്യത്ത് ഏറ്റവുംആഘാതമേറ്റ രംഗമാണ് സിനിമ. എല്ലാമേഖലകളും തിരിച്ചുവന്ന ശേഷമേ സിനിമയുടെ തിരിച്ചുവരവ് സാധ്യമാകൂ. ‘അമ്മ’യിൽ അംഗങ്ങളായ 501 പേരിൽ 50-ഓളം പേർക്കു മാത്രമേ കാര്യമായ നിലയിൽ സിനിമകൾ ലഭിക്കുന്നുള്ളൂ. സംഘടനയിലെ ചില അംഗങ്ങളുടെ കാര്യം ദയനീയമാണ്.

(ഇടവേള ബാബു, ‘അമ്മ’ ജനറൽസെക്രട്ടറി)

കഠിനാധ്വാനം വേണം

സിനിമയ്ക്ക് ഇപ്പോഴേറ്റ ആഘാതത്തിൽനിന്നു കരകയറാൻ ചില്ലറ അധ്വാനമൊന്നും പോരാ. അണിയറ പ്രവർത്തകരുടെ കാര്യമാണ് കഷ്ടം. ദിവസവേതനക്കാരുൾപ്പെടെ 5000-ത്തിലേറെപ്പേരാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നത്. അവരുടെയെല്ലാം സ്ഥിതി ഇപ്പോൾ ദയനീയമാണ്.

(ബി. ഉണ്ണിക്കൃഷ്ണൻ, ‘ഫെഫ്ക’ ജനറൽസെക്രട്ടറി)

തിയേറ്ററുകൾ പ്രതിസന്ധിയിൽ

കഴിഞ്ഞ മാസം 10 മുതൽ ഞങ്ങളുടെ ഉൾപ്പെടെ കേരളത്തിലെ എല്ലാ തിയേറ്ററുകളും അടച്ചിട്ടിരിക്കുകയാണ്. വരുമാനം നിലച്ചു. തിയേറ്ററിലെ ജോലിക്കാരുടെ ശമ്പളംപോലെയുള്ള വലിയ സാമ്പത്തികബുദ്ധിമുട്ടുകൾ ഞങ്ങളുടെ മുന്നിലുണ്ട്. വലിയൊരു ശൂന്യതയുടെ മുന്നിലാണ് ഞങ്ങൾ.

(ആന്റണി പെരുമ്പാവൂർ, ഫിയോക്‌ പ്രസിഡന്റ്‌ )

Content Highlights: Films face downfall followingcorona lockdown