പതിവിന് വിപരീതമായി ഇത്തവണത്തെ ഫിലിംഫെയര്‍ പുരസ്‌കാരദാനച്ചടങ്ങ് വര്‍ണശമ്പളമല്ല, മറിച്ച് വികാരനിര്‍ഭരമായിരുന്നു. കാരണം മറ്റൊന്നുമല്ല, ഇര്‍ഫന്‍ ഖാനായിരുന്നു മികച്ച നടന്‍. ആജീവനാന്ത മികവിനുള്ള പുരസ്‌കാരവും ഇര്‍ഫന് തന്നെ. എന്നാല്‍, ആങ്ക്രേസി മീഡിയത്തിലെ അഭിനയത്തിനുള്ള പുരസ്‌കാരം ഏറ്റുവാങ്ങാന്‍ ഇര്‍ഫന്‍ ഉണ്ടായില്ലല്ലോ. ഈ വരുന്ന ഏപ്രില്‍ 29ന് ഇര്‍ഫന്‍ മരിച്ചിട്ട് ഒരാണ്ട് തികയുകയാണ്. ഇര്‍ഫന് പകരം മകന്‍ ബബിലാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്.

തപ്പഡിലെ അഭിനയത്തിന് താപ്‌സി പന്നു മികച്ച നടിക്കുള്ള പുരസ്‌കാരത്തിന് അര്‍ഹയായി. മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടതും തപ്പഡ് തന്നെ. ഇതിനു പുറമേ മികച്ച കഥ, മികച്ച എഡിറ്റിങ് എന്നീ പുരസ്‌കാരങ്ങള്‍  കൂട തപ്പഡ് നേടി. മികച്ച നടനുള്ള ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരം അമിതാഭ് ബച്ചനാണ്. ഗുലാബു സിതാബു ആണ് ചിത്രം. മികച്ച നടിക്കുള്ള ക്രിട്ടിക്‌സിന്റെ അവാര്‍ഡ് തിലോത്തമ ഷോമെ (സര്‍) നേടി.

താനാജി: ദി അണ്‍സങ് വാരിയറിലെ അഭിനയത്തിന് സെയ്ഫ് അലി ഖാന്‍ മികച്ച സഹനടനുള്ള അവാര്‍ഡ് നേടി. ഗുലാബൊ സിതാബോയിലെ അഭിനയത്തിന ഫറോഖ് ജാഫര്‍ മികച്ച സഹനടിയായി. താനാജി ഒരുക്കിയ ഓം റൗത്താണ് മികച്ച സംവിധായകന്‍.

 രാജേഷ് കൃഷ്ണനാണ് മികച്ച നവാഗത സംവിധായകന്‍. മികച്ച സംഗീതത്തിനുള്ള പുരസ്‌കാരം ലുഡോയിലെ ഗാനങ്ങള്‍ക്ക് ഈണമുട്ട പ്രിതം നേടി. ഥപ്പഡിലെ ഏക ടുക്ഡാ എന്ന ഗാനം ആലപിച്ച രാഘവ് ചൈതന്യയാണ് മികച്ച ഗായകന്‍. അസീസ് കൗര്‍ ഗായികയായി.