ചെന്നൈ: തമിഴ് ഫിലിം പ്രാഡ്യൂസേഴ്‌സ് കൗണ്‍സില്‍ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് വിശാല്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മ്മാതാക്കളുടെ പ്രതിഷേധം. ടി നഗറില്‍ സ്ഥിതി ചെയ്യുന്ന തമിഴ് ഫിലിം പ്രാഡ്യൂസേഴ്‌സ് കൗണ്‍സില്‍ ഓഫീസിന് മുന്‍പിലായിരുന്നു മുന്നൂറോളം നിര്‍മ്മാതാക്കള്‍ അടങ്ങുന്ന സംഘം പ്രതിഷേധം സംഘടിപ്പിച്ചത്.

വിശാല്‍ ഒരുപാട് കുറ്റകൃത്യങ്ങളില്‍ പങ്കാളിയാണെന്നും കൗണ്‍സിലിന്റെ ചുമതല കൈമാറി രാജിവച്ച് പുറത്ത് പോകണമെന്നും നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടു. 

അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്ത അവസരത്തില്‍ വിശാല്‍ കുറെ വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. അതില്‍ ഒന്നു പോലും ഇതുവരെ നിറവേറ്റിയിട്ടില്ല. മാത്രമല്ല അയാള്‍ നിരവധി കുറ്റകൃത്യങ്ങളില്‍ പങ്കാളിയാണ്- നിര്‍മാതാവ് എ.എല്‍ അഴകപ്പന്‍ ആരോപിച്ചു.

ജ്ഞാനവേല്‍ രാജ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതിന് ശേഷം ഇതുവരെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം വിളിച്ചിട്ടില്ല. സെക്രട്ടറി സ്ഥാനത്തേക്ക് നിര്‍മാതാവ് കതിരേശനെ നാമനിര്‍ദ്ദേശം ചെയ്തത് മറ്റുള്ളവരുമായി കൂടിയാലോചിക്കാതെയാണ്. വൈസ് പ്രസിഡന്റുമാരായ പ്രകാശ് രാജും ഗൗതം വാസുദേവ മേനോനും ഇതുവരെ കൗണ്‍സില്‍ വിളിച്ച യോഗങ്ങളില്‍ പങ്കെടുത്തിട്ടില്ല. ഇതെല്ലാം നിയമാവലിക്ക് വിരുദ്ധമാണ്- നിര്‍മ്മാതാക്കള്‍ ആരോപിക്കുന്നു.

വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് നിര്‍മ്മാതാക്കളുടെ ആവശ്യം. അല്ലെങ്കില്‍ സമരനടപടികളുമായി മുന്നോട്ടു പോകുമെന്നും അവര്‍ പറയുന്നു.

Content Highlights: film producers demand vishal's resignation as tamilnadu film producers council protest