കൊച്ചി: മലയാള സിനിമയ്ക്ക് മാര്‍ഗദര്‍ശികളായ മുതിര്‍ന്ന നിര്‍മാതാക്കളുടെ സാന്നിധ്യത്തില്‍ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ആസ്ഥാന മന്ദിരം കൊച്ചിയില്‍ തുറന്നു. അസോസിയേഷന്റെ മുതിര്‍ന്ന അംഗം കൂടിയായ നടന്‍ മധുവാണ് നാട മുറിച്ച് ആസ്ഥാന മന്ദിരം തുറന്നുകൊടുത്തത്. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. തുടര്‍ന്ന് മൂവരും ചേര്‍ന്ന് ഭദ്രദീപം തെളിച്ചു.

അഞ്ച് നിലയില്‍ എല്ലാ സൗകര്യങ്ങളോടും കൂടിയ ഓഫീസ് മന്ദിരം പുല്ലേപ്പടി അരങ്ങത്ത് ക്രോസ് റോഡിലാണ്. നാലാം നിലയിലെ ഹാളില്‍ ചേര്‍ന്ന സമ്മേളനവും മധു ഉദ്ഘാടനം ചെയ്തു. പ്രൊഡ്യൂസര്‍ ഇല്ലെങ്കില്‍ സിനിമയേ ഇല്ലെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ മന്ദിരോദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാന്‍ തന്നെ യോഗ്യനാക്കിയതില്‍ നന്ദിയുണ്ടെന്ന് തുടര്‍ന്ന് സംസാരിച്ച മമ്മൂട്ടി പറഞ്ഞു. സിനിമയില്‍ വക്കീലായി അഭിനയിക്കാനെത്തിയ തന്നെ ഇത്ര വലിയ സംരംഭത്തില്‍ മുറിക്കുന്ന നാടയുടെ ഒരു അരികിലെങ്കിലും പിടിക്കാന്‍ യോഗ്യനാക്കിയത് നിര്‍മാതാക്കളാണ്.

ഫോണില്‍പ്പോലും സിനിമ പിടിക്കുന്ന കാലമാണിത്. ആദ്യകാല സിനിമാ നിര്‍മാതാക്കളുടെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളുമൊക്കെ മനസ്സിലാക്കാന്‍ ഇപ്പോള്‍ വിഷമമായിരിക്കും. മറ്റു പല ജോലിയും ചെയ്ത് പണമുണ്ടാക്കാന്‍ അറിയാമായിട്ടും പല ജാതി ജാഡകളും അഹങ്കാരങ്ങളുമൊക്കെ സഹിച്ച് പലരും സിനിമ നിര്‍മിക്കുന്നത് സിനിമയോടുള്ള മോഹംകൊണ്ടുമാത്രമാണ്. നിര്‍മാതാവിന്റെ തലയിലാണ് സിനിമ ആദ്യം ഉദിക്കുന്നത്. അവസാനം നിര്‍മാതാവിന്റെ തലയിലാകും സിനിമ. ബാക്കിയെല്ലാവരും കാശും മേടിച്ച് പോകും-മമ്മൂട്ടി പറഞ്ഞു.

മലയാള സിനിമയുടെ നട്ടെല്ലാണ് നിര്‍മാതാക്കളുടെ സംഘടനയെന്ന് മോഹന്‍ലാല്‍ പറഞ്ഞു. താനും ഈ കുടുംബത്തില്‍ ഒരംഗമാണ്. 43 വര്‍ഷത്തെ തന്റെ യാത്രയിലെ 335-ലധികം സിനിമകള്‍ നിര്‍മിച്ച എല്ലാവരെയും പ്രത്യേകം സ്മരിക്കുന്നതായും മോഹന്‍ലാല്‍ പറഞ്ഞു.

തുടര്‍ന്ന് മലയാള സിനിമയിലെ മുതിര്‍ന്ന നിര്‍മാതാക്കളെ മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന് ആദരിച്ചു. നിര്‍മാതാവു കൂടിയായ നടന്‍ മധുവിനെയാണ് ആദ്യം ആദരിച്ചത്. എസ്.എസ്.സി. സുബ്രഹ്മണ്യം (എവര്‍ഷൈന്‍ പിക്ചേഴ്സ്), പി.വി. ഗംഗാധരന്‍ (ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ്), കുര്യപ്പന്‍, വി.സി. ജോര്‍ജ് (അപ്പച്ചന്‍), എം.ജി. ജോണ്‍ (ജിയോ കുട്ടപ്പന്‍), വി.ബി.കെ. മേനോന്‍, രാജു മാത്യു (സെഞ്ചുറി), സിയാദ് കോക്കര്‍, ഡേവിഡ് കാച്ചപ്പള്ളി, ജോയി തോമസ് (ജൂബിലി), ജി. സുരേഷ്‌കുമാര്‍, ഔസേപ്പച്ചന്‍, വി.പി. മാധവന്‍ നായര്‍, വി.പി. വിജയകുമാര്‍ (സെവന്‍ ആര്‍ട്സ്), കൊച്ചുമോന്‍, പി.എച്ച്. അബ്ദുള്‍ ഹമീദ്, മണിയന്‍പിള്ള രാജു, മാത്യു ജോര്‍ജ്, അപ്പച്ചന്‍ സ്വര്‍ഗചിത്ര, എ.വി. ഗോവിന്ദന്‍കുട്ടി, നന്ദകുമാര്‍, ബി. ശശികുമാര്‍, ഡോ. ഷാജഹാന്‍, പ്രേം പ്രകാശ്, എം. കൃഷ്ണകുമാര്‍ (കിരീടം ഉണ്ണി), ദിനേശ് പണിക്കര്‍, എസ്.സി. പിള്ള, പി.വി. ബഷീര്‍, സാജന്‍ വര്‍ഗീസ്, കെ. രാമകൃഷ്ണന്‍, ഭാവചിത്ര ജയകുമാര്‍ എന്നിവരെയാണ് ആദരിച്ചത്.

ചടങ്ങില്‍ അസോസിയേഷന്‍ പ്രസിഡന്റ് ജി. സുരേഷ് കുമാര്‍ അധ്യക്ഷനായിരുന്നു. ട്രഷറര്‍ പ്രേം പ്രകാശ്, സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബര്‍ സെക്രട്ടറി രവി കൊട്ടാരക്കര, തെലുങ്ക് പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ പ്രസിഡന്റ് കല്യാണ്‍, കര്‍ണാടക ഫിലിം ചേബര്‍ പ്രസിഡന്റ് തോമസ് ഡിസൂസ, കേരള ഫിലിം ചേംബര്‍ പ്രസിഡന്റ് കെ. വിജയകുമാര്‍, ചേംബര്‍ സെക്രട്ടറി അപ്പച്ചന്‍, സിയാദ് കോക്കര്‍, ആന്റണി പെരുമ്പാവൂര്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, സിബി മലയില്‍, സുന്ദര്‍ദാസ് തുടങ്ങിയവര്‍ ആശംസ നേര്‍ന്നു.

മന്ദിരം ഡിസൈന്‍ ചെയ്ത ആര്‍ക്കിടെക്ട് ജിബു ജോണിനെ മമ്മൂട്ടി ആദരിച്ചു. സംഘടനാ സെക്രട്ടറി എം. രഞ്ജിത്ത് സ്വാഗതം പറഞ്ഞു.

പ്രിവ്യു തിയേറ്ററും ഡിജിറ്റൽ മാസ്റ്ററിങ് യൂണിറ്റും അടക്കം മനോഹര മന്ദിരം 

Kerala film Producers association new building
കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ആസ്ഥാന മന്ദിരം

കൊച്ചി: കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ചിരകാല സ്വപ്നമാണ് പൂവണിഞ്ഞതെന്നാണ് അസോസിയേഷൻ പ്രസിഡന്റ് ജി. സുരേഷ്‌ കുമാറും സെക്രട്ടറി എം. രഞ്ജിത്തും ഒരേ സ്വരത്തിൽ പറഞ്ഞത്. എറണാകുളം പുല്ലേപ്പടിയിൽ അരങ്ങത്ത് ക്രോസ് റോഡിൽ 14 സെന്റ് സ്ഥലത്ത് പണി കഴിപ്പിച്ചിരിക്കുന്ന ആസ്ഥാന മന്ദിരം അസോസിയേഷന് അഭിമാനിക്കാവുന്ന നേട്ടമാണ്.

കെട്ടിടത്തിന്റെ അടി നിലയിൽ വിശാലമായ കാർ പാർക്കിങ് സൗകര്യവും റിസപ്ഷനുമാണ്. 12,200 ചതുരശ്ര അടിയാണ് കെട്ടിടം. ഒന്നാം നിലയിൽ ഭാരവാഹികളുടെ മുറിയും ഓഫീസ് മുറിയും. രണ്ടാം നിലയിൽ അതിഥി മുറികൾ. സംഘടനയിലെ അംഗങ്ങൾക്ക് കുറഞ്ഞ ചെലവിൽ താമസിക്കാനുള്ള സൗകര്യമുണ്ട് ഇവിടെ.

മൂന്നാം നിലയിൽ വിശാലമായ ഹാൾ. 176 പേർക്ക് ഇവിടെ ഇരിപ്പിടമുണ്ട്.

ഇതിനു മുകളിലാണ് പ്രിവ്യു തിേയറ്റർ അടക്കമുള്ള സൗകര്യം ഒരുക്കുന്നത്. 36 പേർക്ക് സിനിമ കാണാവുന്ന രീതിയിലാണ് പ്രിവ്യു തിേയറ്റർ തയ്യാറാക്കുന്നത്. ഇതിന്റെ പണികൾ പൂർത്തിയാകാനുണ്ട്.

ഡിജിറ്റൽ മാസ്റ്ററിങ് യൂണിറ്റും ഇവിടെ നിർമിക്കും. ഡിജിറ്റൽ സിനിമ തിേയറ്ററിൽ എത്തിക്കാനുള്ള രൂപത്തിലേക്ക് മാറ്റുന്നതാണ് ഡിജിറ്റൽ മാസ്റ്ററിങ്. ഇപ്പോൾ ഇതിനായി ചെന്നൈയിൽ പോകണം. വലിയ തുകയാണ് നിർമാതാക്കൾ ഇതിന് നൽകേണ്ടി വരുന്നത്. ഈ സൗകര്യം കുറഞ്ഞ ചെലവിൽ ഇവിടെ ലഭ്യമാക്കും. രണ്ട് മാസം കൊണ്ട് പണികൾ പൂർത്തിയാക്കും. സിനിമകളുടെ ആർക്കൈവ്സും ഇവിടെ തുടങ്ങുമെന്ന് എം. രഞ്ജിത്ത് പറഞ്ഞു.

1989-ലാണ് സംഘടന ആരംഭിക്കുന്നത്. ഫിലിം ചേംബറിന്റെ കെട്ടിടത്തിലാണ് ഇതുവരെ പ്രവർത്തിച്ചിരുന്നത്. അഞ്ചര വർഷം മുൻപ് തറക്കല്ലിട്ട കെട്ടിടം ബാങ്ക് ബാധ്യതകളൊന്നുമില്ലാതെയാണ് പൂർത്തിയാക്കിയിരിക്കുന്നതെന്ന് ജി. സുരേഷ്‌ കുമാർ പറഞ്ഞു. സ്ഥലത്തിനടക്കം 10 കോടി രൂപയാണ് ചെലവായത്. ഒട്ടേറെപ്പേരുടെ സഹായം കിട്ടി. മോഹൻലാൽ അടക്കം പലരും പലിശയില്ലാതെ പണം തന്ന് സഹായിച്ചു.

മന്ദിരം നിർമിച്ചതിലുള്ള ബാധ്യതകൾ തീർക്കുന്നതിനായി താര സംഘടനയായ ‘അമ്മ’യുമായി ചേർന്നുള്ള പരിപാടി ആസൂത്രണം ചെയ്തിരുന്നു. ഇത് പല കാരണങ്ങളാൽ നടന്നില്ല. ഈ പരിപാടി ഉറപ്പായും നടത്താനാകുമെന്ന് മന്ദിരോദ്ഘാടന ചടങ്ങിൽ മമ്മൂട്ടിയും മോഹൻലാലും ഉറപ്പുനൽകിയത് ഹർഷാരവത്തോടെയാണ് എല്ലാവരും സ്വാഗതം ചെയ്തത്.

Content Highlights : Film Producers Association New Building Inauguration In Kochi