തിരുവനന്തപുരം: വനിതകൾക്കും നവാഗതർക്കും കൂടുതൽ പ്രയോജനപ്പെടുന്ന സിനിമാ നയം സർക്കാർ ഉടൻ രൂപവത്കരിക്കുമെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ. സിനിമാവ്യവസായത്തിലേക്കു പുതിയ തലമുറയെ ആകർഷിക്കാൻ അത് പ്രയോജനപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഐഡിഎസ്എഫ്എഫ്കെയുടെ ഡെലിഗേറ്റ് പാസ് വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. 

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കൂടുതൽ നവാഗത ചലച്ചിത്ര പ്രതിഭകൾക്ക് സിനിമ നിർമ്മിക്കാൻ സർക്കാർ സഹായം നൽകും. അഭിനയത്തിലും സാങ്കേതിക മേഖലകളിലും പ്രവർത്തിക്കാൻ കഴിവാകണം മാനദണ്ഡമാക്കേണ്ടതെന്നും അങ്ങനെ സിനിമാ വ്യവസായത്തെ മാറ്റിയെടുക്കാൻ സർക്കാർ പരിശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു . 

സർക്കാർ  തിയേറ്ററുകളുടെ എണ്ണം ഇരട്ടിയാക്കി വർധിപ്പിക്കും. സർക്കാരിന്റെ ഒടിടി പ്ലാറ്റ്ഫോം പ്രവർത്തനമാരംഭിക്കുന്നതോടെ ചെറിയ ചിലവിൽ ചിത്രീകരിച്ച സൂപ്പർസ്റ്റാറുകളുടേതല്ലാത്ത  ചിത്രങ്ങൾ ജനങ്ങളിൽ എത്തിക്കാൻ അവസരമൊരുങ്ങുമെന്നും മന്ത്രി പറഞ്ഞു. സംവിധായികയും നർത്തകിയുമായ  കനിക ഗുപ്തക്ക് ആദ്യ ഡെലിഗേറ്റ് കിറ്റ് കൈമാറി. അക്കാദമി ചെയമാൻ കമൽ, വൈസ് ചെയർപേഴ്സൺ ബീനാ  പോൾ, സെക്രട്ടറി സി. അജോയ്, ആർ. ശ്രീലാൽ, ജോയ് എം എന്നിവർ പങ്കെടുത്തു.

Content Highlights: film policy which gives importance to women and newcomers is coming soon says saji cheriyan