ബോളിവുഡ് നടി അനുഷ്‌ക ശര്‍മ നിര്‍മിച്ച വെബ് സീരിസ് പാതാള്‍ലോക് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തു. ക്രൈം ത്രില്ലര്‍ ഗണത്തില്‍പ്പെട്ട സീരിസിന് നല്ല പ്രതികരണങ്ങളാണ് വിമര്‍ശകരുടെ ഭാഗത്ത് നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഡല്‍ഹിയിലെ ഒരു പോലീസുകാരനാണ് സീരിസിലെ പ്രധാന കഥാപാത്രം. പ്രശ്‌സതനായ മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ സംശയിച്ച് നാല് പേരെ അദ്ദേഹം പിടികൂടുകയും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് സീരിസിന്റെ ഇതിവൃത്തം. നീരജ് കാബി, ജയ്ദീപ് അഹ്ലാവത്ത്, അഭിഷേക് ബാനര്‍ജി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ഒമ്പത് എപ്പിസോഡുകളുള്ള സീരിസ് മുഴുവന്‍ ഒറ്റ ഇരിപ്പില്‍ തന്നെ കണ്ടുതീര്‍ത്തുവെന്നാണ് സംവിധായകനും നിര്‍മാതാവുമായ അനുരാഗ് കശ്യപ് ട്വീറ്റ് ചെയ്തിരിക്കുന്നത്. അഭിനേതാക്കള്‍, നിര്‍മാതാക്കള്‍, തിരക്കഥാകൃത്ത് തുടങ്ങി എല്ലാവരെയും അദ്ദേഹം ട്വീറ്റിലൂടെ അഭിനന്ദിക്കുന്നുണ്ട്. 

'എന്റെയുള്ളിലെ സിനിമാ നിര്‍മാതാവിന്റെ ഹൃദയം സന്തോഷംകൊണ്ട് നിറഞ്ഞു. പാതാള്‍ലോക് കണ്ടു. ഈയടുത്ത് കണ്ടതില്‍വെച്ച്, ഇവിടെ നിര്‍മിച്ച മികച്ചതെന്ന് വിളിക്കാന്‍ സാധിക്കുന്ന ഒരു ക്രൈം ത്രില്ലറാണിത്', എന്നാണ് അനുരാഗ് ട്വീറ്റ് ചെയ്തിരിക്കുന്നത്. 

ഇത് വെറുമൊരു കുറ്റാന്വേഷണ കഥയല്ലെന്നും. ശരിക്കും ഇന്ത്യയെ മനസിലാക്കി എഴുതിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പെട്ടെന്നാണ് ഇതില്‍ കഥാഗതി മാറുന്നതെന്നും. പല കാര്യങ്ങളും എഴുത്തില്‍ വളരെ കൃത്യമായി ശ്രദ്ധിച്ചാണ് കൈകാര്യം ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Film maker Anurag Kashyap praises amazon prime web series PaatalLok produced by Anushka Sharma