അവിനാഷ് ദാസ് |ഫോട്ടോ: www.facebook.com/avinash.das123/photos
അഹമ്മദാബാദ്: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും അഴിമതിക്കേസിൽ അറസ്റ്റിലായ ഐ.എ.എസ്. ഉദ്യോഗസ്ഥയും ഒപ്പം നിൽക്കുന്ന ചിത്രം സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന്റെ പേരിൽ ചലച്ചിത്ര സംവിധായകനെ ഗുജറാത്ത് പോലീസ് അറസ്റ്റുചെയ്തു. ‘അനാർക്കലി ഓഫ് ആര’, ‘രാത് ബാക്കി ഹൈ’ എന്നീ ചലച്ചിത്രങ്ങളുടെയും നെറ്റ്ഫ്ളിക്സിലെ ഹിറ്റ് പരമ്പര ‘ഷി’യുടെയും സംവിധായകനായ അവിനാഷ് ദാസി(46)നെയാണ് മുംബൈയിൽനിന്ന് അറസ്റ്റുചെയ്ത് അഹമ്മദാബാദിലെത്തിച്ചത്.
അമിത് ഷായും ഝാർഖണ്ഡിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ഐ.എ.എസ്. ഉദ്യോഗസ്ഥ പൂജ സിംഘലും ഒന്നിച്ചുള്ള ചിത്രമാണ് അവിനാഷ് ദാസ് ട്വിറ്ററിൽ പോസ്റ്റുചെയ്തത്. 2017-ൽ ഒരു പൊതുവേദിയിൽനിന്നുള്ള ചിത്രം പൂജയുടെ അറസ്റ്റിന് ഏതാനും ദിവസം മുമ്പുള്ളതെന്ന തരത്തിലായിരുന്നു ദാസ് പ്രചരിപ്പിച്ചത്. ദേശീയ പതാക ധരിച്ച ഒരു സ്ത്രീയുടെ ചിത്രവും സംവിധായകൻ പോസ്റ്റ് ചെയ്തിരുന്നു.
വ്യാജചിത്രം പ്രചരിപ്പിക്കൽ, ദേശീയ പതാകയെ അവഹേളിക്കൽ തുടങ്ങിയവയ്ക്ക് അഹമ്മദാബാദ് ക്രൈംബ്രാഞ്ചാണ് ജൂണിൽ കേസെടുത്തത്. ആഭ്യന്തരമന്ത്രിയുടെ പ്രതിച്ഛായ തകർക്കാൻ ബോധപൂർവം ശ്രമിച്ചെന്നു ചൂണ്ടിക്കാട്ടി സെഷൻസ് കോടതി അവിനാഷിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. ഹൈക്കോടതിയും അപേക്ഷ നിരാകരിച്ചതോടെയാണ് അറസ്റ്റുണ്ടായത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..