കൊച്ചി: മലയാള സിനിമയിൽ ചില വേർതിരിവുകളുണ്ടെന്ന തരത്തിൽ നടൻ നീരജ് മാധവ് നടത്തിയ ഫെയ്‌സ്ബുക്ക് പോസ്റ്റിലെ പരാമര്‍ശങ്ങളിലെ വിശദാംശങ്ങള്‍ വെളിപ്പെടുത്തണമെന്ന് ഫെഫ്ക. എല്ലാവരെയും സംശയത്തിന്റെ മുനയില്‍ നിര്‍ത്തുന്നതിനു പകരം പോസ്റ്റില്‍ പറഞ്ഞിരിക്കുന്നവരുടെ പേരുകളെടുത്ത് പറയണമെന്നും കാര്യങ്ങള്‍ വ്യക്തമാക്കണമെന്ന് നടനോട് ആവശ്യപ്പെടുമെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ അറിയിച്ചു. ഇത് സംബന്ധിച്ച് അമ്മ സംഘടനയ്ക്ക് ഫെഫ്ക കത്ത് നല്‍കി. 

സുശാന്ത് സിങ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടന്‍ നീരജ് മാധവ് ഫെയ്‌സ്ബുക്കില്‍ നീണ്ട ഒരു പോസ്റ്റിട്ടിരുന്നു. വളര്‍ന്നു വരുന്ന നടന്‍മാരെ മുളയിലേ നുള്ളിക്കളയുന്ന പ്രവണത മലയാളസിനിമയിലുണ്ടെന്ന് തുടങ്ങി കടുത്ത വിമർശനങ്ങളാണ് പോസ്റ്റിലുണ്ടായിരുന്നത്. 

നീരജിന്റെ വിമർശനത്തിന്റെ വിശദാംശങ്ങള്‍ അറിയണമെന്നാണ് ഫെഫ്ക ആവശ്യപ്പെടുന്നത്. പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളില്‍ ആരെയൊക്കെയാണ് ഉദ്ദേശിച്ചിട്ടുള്ളതെന്ന് നീരജ് വ്യക്തമാക്കണമെന്നും ഫെഫ്ക ആവശ്യപ്പെടുന്നു. സിനിമയില്‍ ചില അലിഖിത നിയമങ്ങളുണ്ടെന്നും അതു പാലിക്കണമെന്നും നീരജിനോടു പറഞ്ഞ ആ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആരെന്നും ഏതു സാഹചര്യത്തിലാണ് അത് പറഞ്ഞതെന്നും വിശദമാക്കണം. സിനിമയിലെ  ഹെയര്‍ ഡ്രസര്‍മാരുടെ പകുതി പ്രതിഫലമാണ് ആദ്യകാലത്ത് ഉണ്ടായിരുന്നതെന്നും നീരജ് പോസ്റ്റില്‍ പറഞ്ഞിരുന്നു. ഇത് സ്ത്രീവിരുദ്ധമാണെന്നും പോസ്റ്റിലെ ഇത്തരം പരാമർശങ്ങള്‍ക്ക് വ്യക്തത വരുത്താന്‍ നടനോട് ആവശ്യപ്പെടുമെന്നുമാണ് ബി ഉണ്ണികൃഷ്ണന്‍ കത്തില്‍ പറഞ്ഞിരിക്കുന്നത്. 

വളര്‍ന്നു വരുന്ന നടന്‍മാരെ മുളയിലേ നുള്ളിക്കളയുന്ന സംഘം മലയാളസിനിമയിലുണ്ടെന്നും നീരജ് പറഞ്ഞിരുന്നു. അത്തരം സംഘങ്ങൾ സിനിമയിലുണ്ടെങ്കില്‍ അവയെ ഇല്ലാതാക്കേണ്ടത് മലയാള സിനിമയിലെ ട്രേഡ് യൂണിയനുകളുടെ കടമയാണെന്നും കത്തില്‍ പറയുന്നു. എല്ലാവരെയും സംശയത്തിന്റെ മുനയില്‍ നിര്‍ത്തുന്നതിനു പകരം കൃത്യമായി പരമാര്‍ശിച്ചിരിക്കുന്ന ആളുകളുടെ വിശദാംശങ്ങള്‍ നല്‍കണമെന്നും ബി ഉണ്ണികൃഷ്ണന്‍ കത്തില്‍ പറയുന്നു.

 

Content Highlights : FEFKA's letter to AMMA on Neeraj Madhav's facebook post