കൊച്ചി: ഷെയ്ന്‍ നിഗം വിവാദത്തില്‍ ചര്‍ച്ചയാകാമെന്ന് ഫെഫ്ക. ഫെഫ്കയെ പ്രതിനിധീകരിച്ച് ബി ഉണ്ണികൃഷ്ണന്‍ കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടയൊണ് ഇക്കാര്യം പറഞ്ഞത്. വിദേശത്തു പോയ മോഹന്‍ലാല്‍ മടങ്ങിയെത്തിയ ശേഷം വിഷയം ചര്‍ച്ച ചെയ്യാമെന്നും സിനിമകള്‍ മുടങ്ങിപ്പോകരുതെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. 

ഫെഫ്കയും 'അമ്മ'യുമാണ് നിര്‍മാതാക്കളുടെ സംഘടനയ്ക്ക്  ഉറപ്പു കൊടുക്കേണ്ടത്. ഷെയ്‌നിന്റെ സംസാരരീതിയിലെ അതൃപ്തി മൂലം ഉടനെ ചര്‍ച്ചയ്ക്കില്ലെന്ന് അവര്‍ ഒരു തീരുമാനമെടുത്തിരിക്കയാണ്. അവരുടെ വികാരത്തെ ബഹുമാനിച്ച് തത്കാലം നമ്മളും ചര്‍ച്ച നിര്‍ത്തിവെച്ചിരിക്കയാണ്. അവര്‍ക്ക് ചില ഉറപ്പുകള്‍ നല്‍കേണ്ടതുണ്ട്. വിഷയത്തില്‍ ഷെയിനിന്റെ നിലപാടുകള്‍ വളരെ പ്രധാനപ്പെട്ടതാണ്. ഷെയിനിന്റെ മാപ്പു പറച്ചിലിനെ നിര്‍മാതാക്കളുടെ സംഘടന എങ്ങനെ നോക്കിക്കാണുന്നു എന്നതും പ്രധാനമാണ്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ചര്‍ച്ചകള്‍ നടക്കേണ്ടത്. 22ന് അമ്മ എക്‌സിക്യൂട്ടീവ് യോഗം കൊച്ചിയില്‍ ചേരുന്നുണ്ട്. അതിനു ശേഷം ഷെയ്‌നുമായി സഹകരിച്ച് ചര്‍ച്ച നടത്തുമെന്നും സിനിമകള്‍ മുടങ്ങിപ്പോകാന്‍ അനുവദിക്കില്ലെന്നും ബി ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.

ഷെയ്ന്‍ തിരുവനന്തപുരത്ത് പ്രകോപനപരമായ അഭിപ്രായപ്രകടനങ്ങള്‍ നടത്തിയതും സംഘടനകള്‍ തമ്മില്‍ ഒത്തുതീര്‍പ്പുണ്ടാക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ സര്‍ക്കാരിനെ കൂടി ഉള്‍പ്പെടുത്തി തെറ്റിദ്ധാരണയുണ്ടാക്കാന്‍ ശ്രമിച്ചതും ഷെയ്‌നിനെ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ച നിര്‍മാതാക്കളുടെ സംഘടനയുമായുള്ള ചര്‍ച്ചയില്‍ നിന്നുള്ള പിന്‍മാറ്റത്തിനു കാരണമായി.

തിരുവനന്തപുരത്ത് രാജ്യാന്തര ചലച്ചിത്രമേളയില്‍ മാധ്യമങ്ങളോടു സംസാരിക്കവെ ഷെയ്ന്‍ നിര്‍മാതാക്കള്‍ക്ക് മനോവിഷമമല്ല, മനോരോഗമാണെന്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ നടക്കുന്നത് ഏകപക്ഷീയമായ കാര്യങ്ങളാണ്. തനിക്ക് റേഡിയോ പോലെ അങ്ങോട്ട് ഒന്നും പറയാനാവാതെ കേട്ടുകൊണ്ടിരിക്കേണ്ട അവസ്ഥയാണെന്നും താന്‍ പറയുന്നത് കേള്‍ക്കാന്‍ അവര്‍ തയ്യാറാവുന്നില്ലെന്നും ചര്‍ച്ചകളോട് സഹകരിക്കുന്നില്ല എന്ന രീതിയിലും ഷെയ്ന്‍ സംസാരിച്ചിരുന്നു.പിന്നീട് ചിത്രത്തിന്റെ കരാര്‍ അടക്കമുള്ള രേഖകള്‍ മന്ത്രി എ കെ ബാലനു കൈാമാറുകയും ഷെയിൻ തന്റെ ഭാഗം വിശദമാക്കുകയും ചെയ്തു. അമ്മയും ഫെഫ്കയും നിര്‍മാതാക്കളുടെ സംഘടനയും പ്രശ്‌നം ചര്‍ച്ച ചെയ്ത് രമ്യമായി പരിഹരിക്കുന്നതിനിടയില്‍ സര്‍ക്കാരിനെ കൂടെ ഉള്‍പ്പെടുത്തിയത് വിഷയങ്ങൾ വീണ്ടും വഷളാക്കി. അതിനാലാണ് ഇനിയൊരു ചര്‍ച്ച വേണ്ടെന്ന് സംഘടനകള്‍ തീരുമാനിച്ചത്. 

എന്നാല്‍ കഴിഞ്ഞ ദിവസം ഷെയ്ന്‍ പരസ്യമായി മാപ്പു പറച്ചില്‍ നടത്തിയിരുന്നു. താന്‍ പറഞ്ഞ ആ വാക്കില്‍ ആര്‍ക്കെങ്കിലും വിഷമം ഉണ്ടെങ്കില്‍ ക്ഷമാപണം നടത്തുന്നുവെന്നും തന്നെക്കുറിച്ച് ഇതിനുമുമ്പ് പറഞ്ഞ വാക്കുകളൊന്നും പൊതുസമൂഹവും മറന്നിട്ടുണ്ടാകില്ല എന്നാണ് വിശ്വാസമെന്നും  അന്ന് താനും ക്ഷമിച്ചതാണെന്നും അതുപോലെ ഇതും ക്ഷമിക്കും എന്നു പ്രതീക്ഷയിലാണെന്നും ഷെയ്ന്‍ കുറിപ്പില്‍ പറഞ്ഞു.

Content Highlights : Fefka agrees meeting with producer's association Shane Nigam controversy