ആരാധകരെ സങ്കടത്തിലാഴ്ത്തിയാണ് നടൻ സുശാന്ത് സിങ് രാജ്പുത് അവസാനമായി വേഷമിട്ട ദിൽ ബേചാര എന്ന ചിത്രത്തിലെ ഗാനരംഗം അണിയറപ്രവർത്തകർ പുറത്ത് വിട്ടത്. അമ്പരപ്പിക്കുന്ന നൃത്തച്ചുവടുകളുമായി തന്റെ അവസാന ഗാനരംഗത്തിനായി സുശാന്ത് തകർത്താടിയത് തകർന്ന മനസോടെയാണ് ഓരോ ആരാധകനും സ്വീകരിച്ചത്. ഇപ്പോഴിതാ സുശാന്തിനൊപ്പം ആദ്യമായും അവസാനമായും പ്രവർത്തിച്ച അനുഭവം പങ്കുവയ്ക്കുകയാണ് ചിത്രത്തിനായി നൃത്തസംവിധാനം ചെയ്ത ഫറാ ഖാൻ. തന്റെ ഹൃദയത്തോട് ഏറെ ചേർന്നു നിൽക്കുന്ന ഒന്നാണെന്ന് പറഞ്ഞുകൊണ്ടാണ് ഫറാ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
ഫറയുടെ കുറിപ്പ്
ഈ ഗാനം എന്റെ ഹൃദയത്തോട് ഏറെ അടുത്ത് നിൽക്കുന്ന ഒന്നാണ്. കാരണം ആദ്യമായാണ് സുശാന്തിനായി ഞാൻ നൃത്തച്ചുവടുകൾ ഒരുക്കുന്നത്. ഞങ്ങൾ ഏറെ നാളായി സുഹൃത്തുക്കളായിരുന്നു. പക്ഷേ ഒന്നിച്ച് പ്രവർത്തിച്ചിരുന്നില്ല. മാത്രമല്ല മുകേഷ് ചബ്രയ്ക്ക് ഞാൻ വാക്ക് നൽകിയിരുന്നു എന്നെങ്കിലും മുകേഷ് ഒരു സിനിമ ഒരുക്കുകയാണെങ്കിൽ അതിൽ ഒരു ഗാനം ഞാൻ ചെയ്യുമെന്ന്.
ആ ഗാനം ഒറ്റ ഷോട്ടിൽ ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. കാരണം എനിക്കറിയാമായിരുന്നു സുശാന്ത് അത് ഭംഗിയായി ചെയ്യുമെന്ന്. ഞാൻ ജഡ്ജ് ആയി ഇരുന്ന ഒരു ഡാൻസ് റിയാലിറ്റി ഷോയിൽ സെലിബ്രിറ്റി ഗസ്റ്റ് ആയി സുശാന്ത് വന്നത് ഞാൻ ഓർക്കുന്നു. അന്നായിരുന്നു ഷോയിലെ മത്സരാർഥികളേക്കാൾ നന്നായി ഒരു അതിഥി നൃത്തം ചെയ്ത ഏക നിമിഷം.
ഞങ്ങൾ ഒരു ദിവസം റിഹേഴ്സൽ നടത്തി, പകുതി ദിവസം കൊണ്ട് ചിത്രീകരണവും പൂർത്തിയാക്കി. അത്രയധികം ഭംഗിയായി ആ നൃത്തരംഗം അവതരിപ്പിച്ചതിന് പാരിതോഷികമായി സുശാന്തിന് ആകെ വേണ്ടിയിരുന്നത് എന്റെ വീട്ടിൽ നിന്നുള്ള ഭക്ഷണമായിരുന്നു. അത് ഞാനവന് നൽകുകയും ചെയ്തു. ഈ ഗാനം കാണുമ്പോൾ ഉത്സാഹത്തോടെ സന്തോഷത്തോടെ ഇരിക്കുന്ന സുശാന്തിനെയാണ് കാണാനാവുന്നത്. അതേ ഈ ഗാനം എനിക്ക് ഏറെ സ്പെഷ്യലാണ്. നിങ്ങളുടെ യാത്രയിൽ എന്നെയും ഉൾപ്പെടുത്തിയതിന് നന്ദി മുകേഷ്... ഫറാ കുറിച്ചു.
ഏറെ നാളായി ബോളിവുഡിൽ കാസ്റ്റിങ്ങ് സംവിധായകനായി പ്രവർത്തിച്ചിരുന്ന മുകേഷ് ചബ്ര ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ദിൽ ബേചാര. സഞ്ജന സാങ്കി നായികയായെത്തുന്ന ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് എ.ആർ റഹ്മാനാണ്. ജൂലൈ 24 -ന് ഡിസ്നി ഹോട്സ്റ്റാർ ഒടിടി പ്ലാറ്റ്ഫോമിലൂടെയായാണ് റിലീസ് ചെയ്യുന്നത്
Content Highlights : Farah Khan About working with Sushanth Singh Rajput Dil Bechara