രാജാറാണി, തെരി, മെര്‍സല്‍ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന്‍ അറ്റ്‌ലി കുമാറിന് നേരെ വംശീയാധിക്ഷേപം. ബോളിവുഡ് നടന്‍ ഷാരൂഖ് ഖാനൊപ്പമുള്ള ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിന് തൊട്ടുപിന്നാലെയാണ് നിറത്തിന്റെ പേരില്‍ അറ്റ്‌ലിയെ ഒരു കൂട്ടം സാമൂഹ്യ വിരുദ്ധര്‍ ആക്രമിച്ചത്. 

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ചെന്നൈ സൂപ്പര്‍ കിങ്ങ്‌സും തമ്മിലുള്ള ഐ.പി.ല്‍ മത്സരം കാണാന്‍ ചെന്നൈ ചിദംബരം ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ എത്തിയതായിരുന്നു ഇരുവരും.

അറ്റ്‌ലിയെ അധിക്ഷേപിക്കുന്നവര്‍ക്ക് മറുപടിയുമായി അദ്ദേഹത്തിന്റെ ആരാധകരടക്കം ഒട്ടനവധിയാളുകള്‍ രംഗത്ത് വന്നിട്ടുണ്ട്. അറ്റ്‌ലിയുടെ ദൃഢനിശ്ചയവും കഠിനാധ്വാനവുമാണ് അദ്ദേഹത്തെ ഈ നിലയില്‍ എത്തിച്ചതെന്നും പരിഹസിക്കുന്നവര്‍ക്ക് എന്ത് നേട്ടമാണ് അവകാശപ്പെടാനുള്ളതെന്നും അവര്‍ ചോദിക്കുന്നു.

സംവിധായകന്‍ ശങ്കറിന്റെ സഹസംവിധായകനയാണ് അറ്റ്‌ലി സിനിമാരംഗത്ത് പ്രവേശിക്കുന്നത്. എന്തിരന്‍, നന്‍മ്പന്‍ എന്നീ ചിത്രങ്ങളില്‍ അദ്ദേഹം ശങ്കറിനോടൊപ്പം ജോലി ചെയ്തിട്ടുണ്ട്. 26-ാമത്തെ അറ്റ്‌ലി വയസ്സിലാണ് രാജാറാണി സംവിധാനം ചെയ്യുന്നത്. നയന്‍താര, ആര്യ, നസ്രിയ, ജയ് എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തിയ ഈ ചിത്രം വന്‍ വിജയമായിരുന്നു. തമിഴ്‌നാട് സംസ്ഥാന സര്‍ക്കാറിന്റേതടക്കം ഒട്ടനവധി അംഗീകാരങ്ങള്‍ അറ്റ്‌ലി കരസ്ഥമാക്കിയിട്ടുണ്ട്. വിജയ് പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് അറ്റ്‌ലി ഇപ്പോള്‍ സംവിധാനം ചെയ്തു കൊണ്ടിരിക്കുന്നത്.

Content Highlights: Fans slam trolls for racist remarks on Atlee after pictures with Shah Rukh Khan go viral ipl match