സംവിധായകന്‍ പ്രിയദര്‍ശനോട് 'രണ്ടാമൂഴം' പ്രൊജക്ട് ഏറ്റെടുക്കാന്‍ നിര്‍ബന്ധിച്ച് ആരാധകര്‍. ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ അമിതാഭ് ബച്ചനെ പ്രശംസിച്ച് പ്രിയദര്‍ശന്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. അതിനു താഴെയാണ് സംവിധായകന്‍ 'രണ്ടാമൂഴം' ഏറ്റെടുക്കണമെന്ന അപേക്ഷയുമായി പ്രതീക്ഷയോടെ ആരാധകര്‍ രംഗത്തു വന്നിരിക്കുന്നത്.

'ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം കരസ്ഥമാക്കിയ അമിതാഭ്ജിക്ക് എല്ലാവിധ ആശംസകളും. നാല്‍പ്പതിലേറെ പരസ്യങ്ങളില്‍ ഞാന്‍ അദ്ദേഹവുമൊത്ത് ജോലി ചെയ്തിട്ടുണ്ട്... അതിലൊന്ന് ഞാനിവിടെ പങ്കുവെക്കുന്നു. എനിക്കിനി ജീവിതത്തില്‍ രണ്ടു സ്വപ്‌നങ്ങളുണ്ട്. ഒന്ന് അമിതാഭ് ജിക്കൊപ്പം ഒരു സിനിമയില്‍ ജോലി ചെയ്യുകയെന്നതാണ്. മറ്റൊന്ന് ശ്രീ എം ടി വാസുദേവന്‍ നായരുടെ തിരക്കഥ സംവിധാനം ചെയ്യുകയെന്നതും. ഈ രണ്ട് സ്വപ്‌നങ്ങളും വൈകാതെ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു...' ബച്ചന്‍ അഭിനയിച്ച് പ്രിയദര്‍ശന്‍ തന്നെ സംവിധാനം ചെയ്ത ഒരു പ്രമുഖ പരസ്യം പങ്കുവെച്ചുകൊണ്ട് പ്രിയദർശൻ കുറിച്ചു. 

ഈ പോസ്റ്റിനു ചുവടെയാണ് ആരാധകരുടെ അപേക്ഷകൾ. റിലീസ് ആകാനിരിക്കുന്ന കുഞ്ഞാലിമരയ്ക്കാറും കാലാപാനിയും കാഞ്ചീവരവും സംവിധാനം ചെയ്ത പ്രിയന്‍ സര്‍ തന്നെയാണ് രണ്ടാമൂഴം പോലെയൊരു സിനിമ സംവിധാനം ചെയ്യാന്‍ ഏറ്റവും യോഗ്യന്‍. അമിതാഭ് ബച്ചനെയും അതില്‍ അഭിനയിപ്പിക്കുകയാണെങ്കില്‍ താങ്കളുടെ ആ രണ്ടു സ്വപ്‌നങ്ങളും ഒരുമിച്ച് സാക്ഷാത്ക്കരിക്കപ്പെടുമെന്നും ആരാധകര്‍ പറയുന്നു. മലയാള സിനിമയ്ക്കും എം.ടിയ്ക്കും മോഹന്‍ലാലിനും ഇന്ത്യന്‍ സിനിമയ്ക്കും നല്‍കാവുന്ന ഏറ്റവും വലിയ സമര്‍പ്പണമായിരിക്കുമത് എന്നും ആരാധകർ അഭിപ്രായപ്പെടുന്നുണ്ട്.  മികച്ച അഭിനേതാക്കളെ മുഴുവന്‍ അണിനിരത്തി, വലിയ ക്യാന്‍വാസില്‍ നിര്‍മിക്കേണ്ട രണ്ടാമൂഴം പോലെയൊരു സിനിമയ്ക്ക് അര്‍ഹമായ കൈകള്‍ പ്രിയദര്‍ശന്റേതാണെന്നും കമന്റുകളുണ്ട്.

എം.ടി.വാസുദേവന്‍ നായരുടെ പ്രശസ്ത നോവലായ രണ്ടാമൂഴം സിനിമയാകാന്‍ പോകുന്നു എന്ന വാര്‍ത്ത വളരെക്കാലങ്ങളായി പ്രചരിക്കുന്നുണ്ട്. താന്‍ സിനിമ സംവിധാനം ചെയ്യാമെന്ന് എം.ടി.യുമായി ഉണ്ടാക്കിയ ധാരണയ്ക്കു പിന്നാലെ വി.എ.ശ്രീകുമാര്‍ മേനോന്റെ ആവശ്യപ്രകാരം എം.ടി. തിരക്കഥ പൂര്‍ത്തിയാക്കിയതും അത് സംവിധായകനെ ഏല്‍പ്പിച്ചതുമാണ്. എന്നാല്‍ സിനിമാചിത്രീകരണം എന്നു തുടങ്ങുമെന്ന് ശ്രീകുമാര്‍ മേനോന്‍ ഉറപ്പു നല്‍കാത്തതിനെത്തുടര്‍ന്ന് തിരക്കഥ തിരികെ വേണമെന്ന ആവശ്യവുമായി എം.ടി. കോടതിയെ സമീപിച്ചിരുന്നു. സംവിധായകനും നിർമാതാക്കളുമായുള്ള തര്‍ക്കങ്ങളും മൂര്‍ഛിച്ചതോടെ രണ്ടാമൂഴം എന്ന വലിയ ബജറ്റ് പ്രൊജക്ട് അനിശ്ചിതത്വത്തിലാണ്.

priyadarshan

randamoozham

Content Highlights : fans request priyadarshan to direct mt vasudevan nair's script randamoozham movie fb page