മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി റാം സംവിധാനം ചെയ്യുന്ന പേരന്‍പ് എന്ന ചിത്രം ഫെബ്രുവരി 1 ന് തിയേറ്ററുകളില്‍ എത്തുകയാണ്. കേരളത്തിലെ ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കിയത് ആന്റോ ജോസഫ് ഫിലിം കമ്പനിയാണ്. എന്നാല്‍ പേരന്‍പിന് വേണ്ട പ്രചരണം ആന്റോ ജോസഫ് നല്‍കുന്നില്ലെന്ന് പറഞ്ഞ് ഒരു കൂട്ടം ആരാധകര്‍ അദ്ദേഹത്തിന് നേരേ കടുത്ത വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ്. ആന്റോ ജോസഫിന്റെ ഫെയ്‌സ്ബുക്ക് പേജിലെ കമന്റ് ബോക്‌സില്‍ പേരന്‍പിന്റെ പ്രമോഷനെക്കുറിച്ചാണ് പ്രധാന ചര്‍ച്ച.
പേരന്‍പിനായുള്ള പ്രേക്ഷകരുടെ കാത്തിരിപ്പ് അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുന്ന സാഹചര്യത്തില്‍ വേണ്ട പോലെ കാര്യങ്ങള്‍ ചെയ്യണമെന്ന് അഭ്യര്‍ഥിച്ച് ചിലര്‍ രംഗത്ത് വന്നിട്ടുമുണ്ട്.
തങ്കമീന്‍കള്‍, തരമണി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് റാം. സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷ ശാരീരിക, മാനസിക അവസ്ഥയിലൂടെ കടന്നുപോകുന്ന ഒരു പെണ്‍കുട്ടിയുടെയും അവളുടെ പിതാവിന്റെയും കഥയാണ് പേരന്‍പിലൂടെ റാം അവതരിപ്പിക്കുന്നത്.
ഗോവയില്‍ നടന്ന രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശനത്തിനെത്തിയ പേരന്‍പിന് മികച്ച സ്വീകരണമാണ് ലഭിച്ചത്. ആദ്യ പ്രദര്‍ശനത്തിന് 95 ശതമാനം ആളുകളും പ്രീ ബുക്കിങ്ങിലൂടെ ടിക്കറ്റ് സ്വന്തമാക്കി. ബാക്കി വന്ന 5 ശതമാനത്തിന് വേണ്ടി സിനിമ തുടങ്ങാന്‍ മണിക്കൂറുകള്‍ക്ക് മുന്‍പ് തന്നെ ആളുകള്‍ തടിച്ചു കൂടി. എന്നാല്‍ തിയേറ്ററിനുള്ളിലേക്ക് പ്രവേശനം ലഭിക്കാതെ അതില്‍ ഭൂരിഭാഗവും നിരാശരായി മടങ്ങി. തുടര്‍ന്ന് ഡെലിഗേറ്റുകളുടെ പ്രത്യേക അഭ്യര്‍ഥന മാനിച്ച് പേരന്‍പ് ഒരിക്കല്‍ കൂടി പ്രദര്‍ശിപ്പിച്ചു. നിറഞ്ഞ കയ്യടികളോടെയാണ് അണിയറ പ്രവര്‍ത്തകരെ പ്രേക്ഷകര്‍ സ്വീകരിച്ചത്.
മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് അമുദന്‍ എന്ന അച്ഛന്‍ വേഷം. പാപ്പയായി എത്തിയ സാധനയുടെ പ്രകടനവും ഗംഭീരമാണ്. അഞ്ജലി, അഞ്ജലി ആമീര്‍, സമുദ്രക്കനി എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. ഛായാഗ്രാഹണം- തേനി ഈശ്വര്‍, സംഗീതം- യുവന്‍ ശങ്കര്‍രാജ.
Content Highlights: anto joseph distributor of mammootty, ram movie, peranbu, anjali ameer, sadhana