നടൻ രാം ചരൺ തേജ ആരാധകനൊപ്പം | ഫോട്ടോ: ഐ.എ.എൻ.എസ്
സിനിമാതാരങ്ങളോടുള്ള ആരാധന പലവിധത്തിൽ നമ്മൾ കണ്ടിട്ടുണ്ട്. ഇഷ്ടതാരത്തിന്റെ സിനിമയുടെ റിലീസ് ദിവസം വമ്പൻ കട്ടൗട്ടുകളിൽ പാലഭിഷേകവും പൂമാല ചാർത്തലും തുടങ്ങി ശരീരത്തിലെ പച്ചകുത്തൽ വരെ നീളുന്ന ആരാധനയുടെ കഥകൾ. പറഞ്ഞുവരുന്നത് കഴിഞ്ഞദിവസം തെലുങ്കിലെ യുവസൂപ്പർ താരം രാംചണിനെ തേടി വന്ന വ്യത്യസ്തനായ ആരാധകനേക്കുറിച്ചാണ്.
തെലങ്കാനയിലെ ഗഡ്വാൾ സ്വദേശിയായ ജയ് രാജ് എന്ന യുവാവാണ് രാംചണിനെ കാണാനെത്തിയത്. വെറുതേ അങ്ങ് കാണാൻ വന്നു എന്നൊന്നും വിചാരിക്കേണ്ട. സ്വന്തം നാട്ടിൽ നിന്ന് 264 കിലോമീറ്റർ കാൽനടയായാണ് തന്റെ ആരാധനാപാത്രത്തെ കാണാൻ ജയ് രാജ് ഇറങ്ങിത്തിരിച്ചത്. ഇഷ്ടതാരത്തെ കാണാൻ പോകുമ്പോൾ കയ്യും വീശി പോകരുതല്ലോ. തന്റെ നാട്ടിൽ വിളഞ്ഞ നെന്മണികൾ കൊണ്ട് രാംചരണിന്റെ ചിത്രം തീർത്ത് ഫ്രെയിം ചെയ്താണ് ഈ ആരാധകൻ യാത്രതിരിച്ചത്.
രാംചരണിനെ കണ്ട് ഫോട്ടോയും ഒപ്പം കയ്യിൽ ഒരു സഞ്ചിയിൽ കരുതിയിരുന്ന നെല്ലും നൽകി ജയ് രാജ്. തന്റെ ഷൂട്ടിങ് തിരക്കുകൾ മാറ്റിവെച്ച രാംചരൺ ആരാധകനൊപ്പം അല്പനേരം ചെലവഴിക്കുകയും ചെയ്തു. ഇതിന്റെ ചിത്രങ്ങൾ ഇപ്പോൾ വിവിധ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഷങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് രാംചരൺ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. തമിഴ്, തെലുങ്ക് ഭാഷകളിൽ പുറത്തിറങ്ങുന്ന ചിത്രത്തിൽ കിയാരാ അദ്വാനിയാണ് നായിക. ജയറാമും മറ്റൊരു വേഷത്തിലുണ്ട്. പൊളിറ്റിക്കൽ ത്രില്ലറായൊരുങ്ങുന്ന ചിത്രത്തിന് ഇനിയും പേരിട്ടിട്ടില്ല.
Content Highlights: Ram Charan Teja, Fan walks 264 km to meet Ram Charan, Ram Charan Fan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..