എന്നോസുകെ ഇച്ചിക്കാവ | ഫോട്ടോ: എ.എഫ്.പി
ടോകിയോ: ജപ്പാനിലെ പ്രമുഖ കബുക്കി നടനെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തി. അദ്ദേഹത്തിന്റെ മാതാപിതാക്കളെ മരിച്ച നിലയിലും കണ്ടെത്തി. എന്നോസുകെ ഇച്ചിക്കാവ (47)യെയാണ് ടോക്കിയോയിലെ വീട്ടിലെ അലമാരയ്ക്കുള്ളിൽ ഇരിക്കുന്ന നിലയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. നടന്റെ പിതാവും കബുക്കി നടനുമായ 76കാരനെയും 75 കാരിയായ മാതാവിനെയും അബോധാവസ്ഥയിലാണ് കണ്ടെത്തിയത്. പിന്നീട് ഇരുവരുടെയും മരണം സ്ഥിരീകരിക്കുകയായിരുന്നു.
കഴിഞ്ഞദിവസമാണ് പ്രാദേശിക മാധ്യമങ്ങൾ കബുക്കിയുടെ വീട്ടിൽ നടന്ന ദുരൂഹ സംഭവങ്ങൾ പുറംലോകത്തെ അറിയിച്ചത്. വ്യാഴാഴ്ചയാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്. നടന്റെ ഏജന്റ് ജിജിയും പബ്ലിക് ബ്രോഡ്കാസ്റ്ററായ എൻ.എച്ച്.കെയും ഇക്കാര്യം വ്യക്തമാക്കി. സംഭവത്തേക്കുറിച്ച് പോലീസ് അന്വേഷിച്ച് വരികയാണ്.
ആത്മഹത്യാക്കുറിപ്പെന്ന് സംശയിക്കുന്ന ഒരു കത്ത് ഇച്ചിക്കാവയുടെ വീട്ടിൽ നിന്ന് കണ്ടെടുത്തതായും ഏജന്റ് അറിയിച്ചു. വീടിനുള്ളിലെ അലമാരയിലായിരുന്നു ഇച്ചിക്കാവ അബോധാവസ്ഥയിൽ ഇരുന്നിരുന്നത് എന്നാൽ ഗുരുതരാവസ്ഥയിൽ ആയിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഇച്ചിക്കാവയുടെ മാതാപിതാക്കളേയും അവരുടെ മരണത്തേക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ എഡോ കാലഘട്ടത്തിൽ ഉത്ഭവിച്ച ഒരു ജാപ്പനീസ് പരമ്പരാഗത നാടക രൂപമാണ് കബുക്കി. 1980ലാണ് ഇച്ചിക്കാവ കബുക്കി വേദിയിൽ അരങ്ങേറ്റം നടത്തിയത്. രാജ്യത്തെ ഏറ്റവും പ്രശസ്തനായ കലാകാരൻ കൂടിയായിരുന്നു അദ്ദേഹം. വേദികളിൽ സജീവ സാന്നിധ്യമായതിനൊപ്പം ടെലിവിഷൻ ഷോകളിലും ചലച്ചിത്രങ്ങളിലും മുഖം കാണിച്ചിരുന്നു. ലണ്ടൻ, ആംസ്റ്റർഡാം, പാരിസ് ഓപ്പറ ഹൗസ് എന്നിവിടങ്ങളിൽ കബുക്കി അവതരിപ്പിച്ചിട്ടുണ്ട്. ഡാൻസിനുള്ള ലോറൻസ് ഒലിവിയർ അവാർഡിന് നാമനിർദേശം ചെയ്യപ്പെട്ടിട്ടുണ്ട്.
Content Highlights: Ennosuke Ichikawa found collapsed, Ennosuke Ichikawa parents found dead
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..