ഫഹദ് ഫാസില്‍ നായകനാകുന്ന അമല്‍ നീരദ് ചിത്രം 'വരത്തന്‍' ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ചിത്രം നിര്‍മ്മിക്കുന്നത് നടിയും ഫഹദിന്റെ ജീവിത പങ്കാളിയുമായ നസ്രിയയാണ്. 

ചിത്രത്തില്‍ നസ്രിയ പാടുന്നുമുണ്ട്. റെക്കോര്‍ഡിങ് സ്റ്റുഡിയോയിലുള്ള സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാമിന്റെ ചിത്രം നേരത്തേ നസ്രിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു.

ഇതാദ്യമായല്ല നസ്രിയ സിനിമയില്‍ പാടുന്നത്. നേരത്തേ ദുല്‍ഖറും നസ്രിയയും പ്രധാന വേഷങ്ങളില്‍ എത്തിയ 'സലാല മൊബൈല്‍സ്' എന്ന ചിത്രത്തിനു വേണ്ടിയും നസ്രിയ പാടിയിരുന്നു. 'ലാലാലസ' എന്നു തുടങ്ങുന്ന ഗാനമാണ് നസ്രിയ ആലപിച്ചത്. ഗോപീ സുന്ദറായിരുന്നു 'സലാല മൊബൈല്‍സി'ന്റെ സംഗീതം. വരത്തനില്‍ നസ്രിയ പാടുന്ന പാട്ടിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല.

'വരത്ത'ന്റെ ടീസറും പോസ്റ്ററുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ആഘോഷിച്ചിരുന്നു. എതിരാളിയെ അടിച്ചിടുന്ന ഫഹദിന്റെ മാസ് ലുക്കാണ് ടീസറിന്റെ ഹൈലൈറ്റ്. 'വരത്തന്‍' ഒരു സ്‌റ്റൈലിഷ് മാസ് പടമായിരിക്കുമെന്ന സൂചന നല്‍കുന്നതാണ് ടീസറിലെ സംഗീതവും. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ ഫഹദിന്റെ നായിക. ലിറ്റില്‍ സ്വയംപ് ഛായാഗ്രഹനാകുന്ന ചിത്രത്തില്‍ ഹര്‍ഷന്‍ എഡിറ്റിങ് നിര്‍വ്വഹിക്കുന്നു

'ഇയോബിന്റെ പുസ്തകത്തി'നു ശേഷം ഫഹദും അമല്‍ നീരദും വീണ്ടും ഒരുമിക്കുന്ന ചിത്രമെന്നതിനാല്‍ ഏറെ പ്രതീക്ഷയോടെയാണ് സിനിമാ ലോകം 'വരത്ത'നായി കാത്തിരിക്കുന്നത്. ഓഗസ്റ്റ് 27നു ചിത്രം തിയേറ്ററുകളിലെത്തും.