പൃഥ്വിരാജ്, പാര്‍വതി, നസ്രിയ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഞ്ജലി മേനോന് ഒരുക്കുന്ന പുതിയ ചിത്രത്തിന് പേരിട്ടു. 'കൂടെ' എന്ന് പേര് നല്‍കിയിരിക്കുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങി. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നസ്രിയ തിരിച്ചെത്തുന്ന ചിത്രമാണ് കൂടെ. ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവച്ചു കൊണ്ടുളള നടന് ഫഹദ് ഫാസിലിന്റെ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പങ്കുവെയ്ക്കുമ്പോള്‍ ജീവിതത്തില്‍ ഇതിന് മുമ്പ് തോന്നിയിട്ടില്ലാത ആവശേമാണെന്ന് ഫഹദ് കുറിക്കുന്നു.
'എന്റെ ജീവിതത്തില്‍ ഇന്നേ വരെ ഒരു ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവയ്ക്കുന്നതില്‍ ഞാന്‍ ഇത്രയധികം ആവേശം അനുഭവിച്ചിട്ടില്ല. മികച്ച സാങ്കേതികവിദഗ്ധരും താരങ്ങളും അണിനിരക്കുന്ന ഒരു മികച്ച ചിത്രം എന്നതിലുപരി ഞാന്‍ സ്ക്രീനില്‍ കാണാന്‍ ഇഷ്ടപെടുന്ന വ്യക്തിയെ നാല് വര്‍ഷത്തിന് ശേഷം വീണ്ടും കാണുന്നു എന്നതിലാണ് എന്റെ ആവേശം. എനിക്കൊരു നല്ല കുടുംബം നല്‍കാനാണ് അവള് അവളുടെ ജീവിതത്തിലെ നാല് സുവര്‍ണ വര്‍ഷങ്ങള്‍ വേണ്ടെന്ന് വച്ചത്. ഞാന്‍ നിന്നെ സ്നേഹിക്കുന്നു നസ്രിയ . അഞ്ജലിക്കും രാജുവിനും പാറുവിനും പിന്നെ എന്റെ സ്വന്തം നസ്രിയയ്ക്കും എല്ലാം ആശംസകളും".... ഫഹദ് കുറിച്ചു.
ഇതേ ആവേശത്തോടെയാണ് ചിത്രത്തിന്റെ സംവിധായിക അഞ്ജലി മേനോനും അഭിനേതാക്കളായ പൃഥ്വിരാജ്, പാര്‍വതി, നസ്രിയ തുടങ്ങിയവരും ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവച്ചത്. 'എനിക്ക് ഈ ചിത്രം ഏറെ പ്രത്യേകതയുള്ളതാണ്, എപ്പോഴും അതങ്ങനെ തന്നെയായിരിക്കും..നിങ്ങള്‍ പ്രേക്ഷകരെ ജൂലൈയില്‍ തിയ്യേറ്ററില്‍ കാണാന്‍ കാത്തിരിക്കുന്നു' എന്നാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവച്ച് കൊണ്ട് നസ്രിയ കുറിച്ചത്.
പൃഥ്വിരാജ്, പാര്‍വതി, നസ്രിയ എന്നിവരുടെ കഥാപാത്രങ്ങള്‍ തമ്മിലുള്ള ആത്മ ബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നതെന്ന് അഞ്ജലി മേനോന് തന്റെ ഫെയ്സ്ബുക്കില്‍ കുറിച്ചു.
നിങ്ങളുടെ ഹൃദയത്തെ സ്പര്‍ശിക്കുന്ന ഹൃദയതാളത്തെ തലോടുന്ന, സ്നേഹം ഒരിക്കലും നിങ്ങളെ വിട്ടുപോകില്ലെന്ന് ഓര്‍മിപ്പിക്കുന്ന ഒരു ചിത്രമായിരിക്കും 'കൂടെ' എന്നാണ് പാര്‍വതി സാമൂഹ്യമാധ്യമങ്ങളില്‍ കുറിച്ചത.
അത്യധികം സന്തോഷത്തോടെയാണ് 'കൂടെ'യുടെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പങ്കുവയ്ക്കുന്നതെന്ന് പൃഥ്വിരാജും സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചു.
നസ്രിയ പൃഥ്വിരാജിന്റെ സഹോദരിയായി വേഷമിടുന്ന 'കൂടെ'യില്‍ നായികയാകുന്നത് പാര്‍വതിയാണ്. പൃഥ്വിയുടെയും നസ്രിയയുടെയും അച്ഛന്റെ വേഷത്തില്‍ സംവിധായകന് രഞ്ജിത്തും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ബോളിവുഡ് താരം അതുല്‍ കുല്‍ക്കര്‍ണിയും ചിത്രത്തില്‍ നിര്‍ണായക വേഷത്തിലെത്തുന്നുണ്ട്. സിദ്ധാര്‍ത്ഥ് മേനോന്, റോഷന് മാത്യു തുടങ്ങിയവരാണ് 'കൂടെ'യിലെ മറ്റു താരങ്ങള്‍. രജപുത്ര ഫിലിംസിന്റെ ബാനറില്‍ എം രഞ്ജിത്താണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് എം.ജയചന്ദ്രനും രഘു ദീക്ഷിത്തും ചേര്‍ന്നാണ്. ജൂലൈയില്‍ ചിത്രം തിയ്യേറ്ററുകളിലെത്തും.
content highlights : fahad fazil about nazriya new movie koode anjali menon prithviraj parvathy nazriya koode movie