ഫഹദ് ഫാസിൽ നായകനായ മാലിക്ക് എന്ന ചിത്രവും പൃഥ്വിരാജ് നായകനാകുന്ന കോൾഡ് കേസും ഒടിടി റിലീസിനൊരുങ്ങുന്നുവെന്ന് സൂചന. കോവിഡ് വ്യാപനം മൂലം തിയറ്ററുകൾ അടുത്തെങ്ങും തുറക്കാൻ സാധ്യത ഇല്ലാത്തതിനാലാണ് ഇരു ചിത്രങ്ങളുടെയും നിർമാതാവായ ആന്റോ ജോസഫ് ഇത്തരത്തിൽ ഒരു തീരുമാനത്തിലേക്കെത്തിയത്. ഇതു സംബന്ധിച്ച് കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് ആന്റോ ജോസഫ് കത്തയച്ചു.

2019 സെപ്റ്റംബറിൽ ചിത്രീകരണം തുടങ്ങിയ ചിത്രമാണ് മാലിക്. ചിത്രം തീയേറ്ററിൽ പ്രദർശനത്തിനെത്തിക്കാൻ പരമാവധി ശ്രമിച്ചെന്നും കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തിൽ തീയേറ്ററുകൾ വീണ്ടും അടക്കുകയും മുഴുവൻ സീറ്റുകളിലും ആളുകളെ ഇരുത്തി ഉടനെങ്ങും പ്രദർശനം നടക്കാൻ സാധ്യതയില്ലാത്തതിനാലും ഒടിടി റിലീസിന് ശ്രമിക്കുകയാണെന്ന് ആന്റോ ജോസഫ് എക്സിബിറ്റേഴ്സ് അസോസിയേഷന് അയച്ച കത്തിൽ പറയുന്നു. വളരെയേറെ സാമ്പത്തിക ബുദ്ധിമുട്ട് നിലനിൽക്കുന്നതിനാലാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തതെന്നും ആന്റോയുടെ കത്തില്‍ പറയുന്നു.

ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണൻ ഒരുക്കുന്ന മാലിക്ക് പീരിയഡ് ഗണത്തിൽപെടുന്ന ചിത്രമാണ്. ചിത്രത്തിന് വേണ്ടി 20 കിലോയോളം ഭാരം കുറച്ച് മെയ്ക്കോവർ നടത്തി ഫഹദ് പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. ഫഹദിന്റെ കരിയറിലെ ഏറ്റവും മുതൽമുടക്കുള്ള ചിത്രമാണിത്. സാനു ജോൺ വർഗീസ് ആണ് ഛായാ​ഗ്രഹണം സംഗീതം സുഷിൻ ശ്യാമാണ്.

തനു ബാലക് ഒരുക്കുന്ന കോൾഡ് കേസിൽ പൃഥ്വിരാജ് എസിപി സത്യജിത് പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. ‘ അരുവി’ എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയിൽ ശ്രദ്ധേയയായി മാറിയ അദിതി ബാലനാണ് നായിക.യഥാർത്ഥ സംഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാെരുക്കുന്ന ചിത്രത്തിന് ഗിരീഷ് ഗംഗാധരനും ജോമോൻ.ടി. ജോണും ഛായാഗ്രഹണം നിർവഹിക്കുന്നു.

content highlights : Fahad Faasil Mahesh Narayanan Movie Malik Prithviraj Movie Cold Case into direct OTT release