-
നടന് ഇര്‍ഫാന്‍ ഖാന്റെ മരണത്തില്‍ അനുശോചനവുമായി ഫഹദ് ഫാസില്‍. ഫെയ്സ്ബുക്കില്‍ പങ്കുവെച്ച ദീര്‍ഘമായ കുറിപ്പിലൂടെയാണ് ഇർഫാൻ എന്ന നടനോടുള്ള തന്റെ ആരാധന ഫഹദ് വ്യക്തമാക്കുന്നത്. അമേരിക്കയിലെ പഠന കാലത്ത് കണ്ട ഇർഫാൻ ഖാന്റെ സിനിമയാണ് തന്നെ നടനാക്കിയതെന്ന് ഫഹദ് പറയുന്നു.
ഫഹദിന്റെ കുറിപ്പ്
കുറച്ചു വർഷങ്ങൾക്ക് മുൻപ് ..സത്യത്തിൽ ഏത് വർഷമാണെന്ന് എനിക്ക് ഓർത്തെടുക്കാനാവുന്നില്ല. അമേരിക്കയിലെ എന്റെ പഠന കാലത്താണ് . അതാണ് എനിക്കിപ്പോൾ ഓർമയിലുള്ളത് . ഇന്ത്യൻ സിനിമകൾ കാണാനുള്ള യാതൊരു സാഹചര്യവും ലഭിക്കാത്ത ഒരു ക്യാമ്പസിലാണ് ഞാൻ ജീവിച്ചിരുന്നത്. അതുകൊണ്ട് ഞാനും എന്റെ സുഹൃത്ത് നികുഞ്ജും കൂടി വാരാന്ത്യങ്ങളിൽ അടുത്തുള്ള പാകിസ്താനി കടയിൽ പോയി ഇന്ത്യൻ ഡിവിഡികൾ വാടകയ്ക്ക് എടുക്കുമായിരുന്നു.
അത്തരത്തിലൊരു സന്ദർശനവേളയിൽ ഖാലിദ് ഭായി ആ കടയുടെ ഉടമ ഞങ്ങൾക്കൊരു സിനിമ ശുപാർശ ചെയ്തു ‘യഹ് ഹോയാ തോ ക്യാ ഹോതാ’. നസറുദ്ദീൻ ഷാ ആണ് ആ സിനിമ സംവിധാനം ചെയ്തത് എന്നതാണ് ഞാൻ ആദ്യം ശ്രദ്ധിച്ചത്. ആ ഡിവിഡി എടുക്കാൻ ഞാൻ തീരുമാനിച്ചു . അന്ന് രാത്രി സിനിമ കണ്ടു തുടങ്ങി സലിം രാജബലി എന്ന കഥാപാത്രം സ്‌ക്രീനിലെത്തിയപ്പോൾ ഞാൻ നികുഞ്ജിനോട് ചോദിച്ചു ആരാണീ മനുഷ്യൻ.....?
പല നടന്മാരെയും ഞാൻ കണ്ടിട്ടുണ്ട്. സ്റ്റെലിഷ് ആയ, ഗാഢമായി അഭിനയിക്കുന്ന, സൗന്ദര്യമുള്ള. പക്ഷെ ആദ്യമായി ഞാൻ ഒരു യഥാർഥ നടനെ കണ്ടു. അദ്ദേഹത്തിന്റെ പേരായിരുന്നു ഇർഫാൻ ഖാൻ.
ഞാന്‍ വളരെ വൈകിയായിരിക്കും അദ്ദേഹത്തെ ശ്രദ്ധിക്കുന്നത്. ജുംപാ ലാഹിരിയുടെ നെയിംസേക്ക് സിനിമയായപ്പോള്‍ അതിലെ അശോകിന്റെ വേഷം അവതരിപ്പിക്കുന്നത് ഇര്‍ഫാനെണന്നറിഞ്ഞ് എല്ലാവരും അത്ഭുതപ്പെട്ടു
ജനപ്രിയമായ ഒരു പാട്ട് പോലെയായിരുന്നു ഇര്‍ഫാന്റെ വളര്‍ച്ച. എല്ലാവരും അത് അനുഭവിച്ചറിയുകയായിരുന്നു. ഞാന്‍ അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ടുകൊണ്ടിരുന്നു. അദ്ദേഹത്തെ നോക്കിയിരുന്ന് പലപ്പോഴും കഥ ഞാൻ മറന്നു പോയി. അല്ലെങ്കിൽ ഒരുപക്ഷേ അദ്ദേഹമാണ് അഭിനയിക്കുന്നതെങ്കിൽ കഥയെക്കുറിച്ച് ഞാൻ ചിന്തിക്കാറിപോലുമില്ല എന്ന് പറയുന്നതായിരിക്കും ശരി. അദ്ദേഹം അഭിനയം വളരെ അനായാസമാണെന്ന് കാണിച്ചു തന്നു, ഞാൻ അതിൽ വഞ്ചിതനായി. ഇർഫാൻ ഖാനെ കണ്ടെത്തിയതിനാൽ എഞ്ചിനീയറിങ്ങ് വിട്ട് ഞാൻ ഇന്ത്യയിലേക്ക് തിരിച്ചു. സിനിമയിൽ അഭിനയിക്കാൻ.
കഴിഞ്ഞ 10 വര്‍ഷമായി ഞാന്‍ അതിനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇര്‍ഫാനെ ഞാന്‍ നേരില്‍ കണ്ടിട്ടില്ല. എന്നാല്‍ അദ്ദേഹത്തോടൊപ്പം ജോലി ചെയ്ത പലരുമായും ഞാന്‍ ബന്ധപ്പെട്ടിട്ടുണ്ട്.വിശാല്‍ ഭരദ്വാജിനെ കണ്ടപ്പോള്‍ ആദ്യം സംസാരിച്ചത് മക്ബൂല്‍ എന്ന സിനിമയെക്കുറിച്ചായിരുന്നു. എന്റെ പ്രിയ സുഹൃത്ത് ദുല്‍ഖര്‍, ഇര്‍ഫാനൊപ്പം സ്വന്തം നാട്ടില്‍ ഒരു സിനിമ ചെയ്തപ്പോഴും എനിക്ക് നേരില്‍ കാണാന്‍ സാധിച്ചില്ല. അദ്ദേഹത്തിനൊരു ഹസ്തദാനം നല്‍കാന്‍ കഴിയാത്തതില്‍ ഇന്ന് ഞാൻ ഖേദിക്കുന്നു.

പകരം വെക്കാനില്ലാത്ത കലാകാരനെയാണ് രാജ്യത്തിന് നഷ്ടമായത്. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും സംഭവിച്ച നഷ്ടമാണ് ഞാൻ ചിന്തിക്കുന്നത്. ഈ നഷ്ടത്തിന്റെ ശൂന്യത അനുഭവിക്കുന്ന എഴുത്തുകാരോടും സിനിമാ പ്രവർത്തകരോടും എന്റെ ദുഖം രേഖപ്പെടുത്തുന്നു.അദ്ദേഹത്തിൽ നിന്ന് ഇനിയും നമുക്ക് ലഭിക്കാനുണ്ടായിരുന്നു. ഇന്ന് എന്റെ ഭാര്യ മുറിയിലേക്ക് കടന്നു വന്ന് ഈ വാർത്ത എന്നോട് പറഞ്ഞപ്പോൾ ഞാൻ ഷോക്കായി പോയി എന്ന് പറഞ്ഞാൽ അതൊരു കള്ളമായിരിക്കും കാരണം ഞാൻ എന്താണോ ചെയ്തിരിന്നത്. അത് തന്നെ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു.
അദ്ദേഹത്തെക്കുറിച്ച് മാത്രം ചിന്തിച്ചാണ് ഇന്നെന്റെ ദിവസം കടന്ന് പോയത്. ഞാൻ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. എന്റെ കരിയര്‍ ഞാന്‍ അദ്ദേഹത്തിന് സമര്‍പ്പിച്ചിരിക്കുകയാണെന്ന് തോന്നിപ്പോകുന്നു. അന്ന് ആ ഡിവിഡി എടുത്തില്ലായിരുന്നുവെങ്കിൽ എന്റെ ജീവിതം മാറ്റി മറിച്ച ആ നടനെ ഞാൻ കണ്ടില്ലായിരുന്നുവെങ്കിൽ ഇന്ന് ഞാൻ ഇവിടെ വരെ എത്തില്ലായിരുന്നു,.
Content Highlights : Fahad Faasil Remembers Irrfan Khan


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..