Fahadh, Nazriya
ഭാര്യയും നടിയുമായ നസ്രിയയെക്കുറിച്ച് നടൻ ഫഹദ് ഫാസിൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് ചർച്ചയാകുന്നു. തനിക്കു വേണ്ടി നസ്രിയ വ്യക്തിപരമായ ഒരുപാട് കാര്യങ്ങൾ നഷ്ടപ്പെടുത്തിയെന്നും നസ്രിയ വന്നില്ലായിരുന്നെങ്കിൽ തന്റെ ജീവിതം എന്താകുമായിരുന്നെന്ന് അറിയില്ലെന്നും ഫഹദ് കുറിക്കുന്നു.
ഫഹദിന്റെ കുറിപ്പിലെ പ്രസക്ത ഭാഗങ്ങൾ
ഒരു വലിയ മഹാമാരിയെ നാം നേരിടുന്ന സമയത്ത് എഴുതുന്നത് ശരിയാണോയെന്നറിയില്ല. പക്ഷേ നമുക്ക് പറ്റുന്ന തരത്തിൽ എല്ലാവരും പോരാടുകയാണ് എന്ന വിശ്വാസത്തിൽ ഞാൻ എഴുതട്ടെ.. ‘ മലയൻകുഞ്ഞ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ നിന്നുള്ള തിരിച്ചുവരവിലായിരുന്നു ഞാനും. എന്നെ സംബന്ധിച്ച് ലോക്ഡൗൺ മാർച്ച് 2-ന് ആരംഭിച്ചതാണ്. അതൊരു "അവസാനം" ആവേണ്ടതായിരുന്നു എന്നാണ് എന്റെ ഡോക്ടർമർ പറഞ്ഞത്. വീഴ്ചയിൽ എന്റെ കൈകൾ നിലത്ത് കുത്തിയത് കൊണ്ട് ഞാൻ രക്ഷപ്പെട്ടു. വീഴ്ചയുടെ ആഘാതത്തിൽ 80 ശതമാനം ആൾക്കാരും മറക്കുന്ന കാര്യമാണത്. പക്ഷേ മനസ്സാന്നിധ്യം കൈവെടിയാഞ്ഞതിനാൽ എനിക്കതു സാധിച്ചു. അങ്ങനെ മുൻപ് നിരവധി തവണ ഉണ്ടായതു പോലെ വീണ്ടുമൊരിക്കൽ കൂടി ജീവിതത്തിൽ ഭാഗ്യം എന്നെ തുണച്ചു.
ഈ ഒരു അപ്രതീക്ഷിത സമയത്ത് എന്നും എന്റെ കൂടെ നിന്നിട്ടുള്ള പ്രേക്ഷകരോട് ചിലതൊക്കെ പറയണമെന്ന് എനിക്ക് തോന്നി. ഞങ്ങളുടെ ഏറ്റവും വലിയ അഭിമാന പദ്ധതികളിലൊന്നായ ‘ മാലിക്’ എന്ന ചിത്രം വളരെയധികം വിഷമത്തോടെയാണെങ്കിലും ഒടിടിയിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ്. ആ സിനിമയുമായി ബന്ധപ്പെട്ട എല്ലാവരുടെയും വർഷങ്ങൾ നീണ്ട പരിശ്രമത്തിന്റെ ഫലമാണത്. അടുത്ത കാലത്ത് ഒടിടിയിൽ റിലീസ് ചെയ്ത എന്റെ മറ്റു സിനിമകൾ പോലെയല്ല മാലിക്. തീയറ്ററുകൾ 100% തുറന്നതിനു ശേഷം മാത്രം കാണിക്കാൻ ഞാൻ കാത്തിരുന്ന സിനിമയാണിത്. പക്ഷെ അത് വരെ ഇനി കാത്തിരിക്കാൻ പറ്റില്ല. പക്ഷേ എല്ലാവരും ചേർന്നെടുത്ത ഈ തീരുമാനത്തോട് ഞാനും യോജിക്കുന്നു ഒപ്പം നിങ്ങളോരോരുത്തരോടും സിനിമ കാണണമെന്ന് അഭ്യർഥിക്കുകയും ചെയ്യുന്നു.
മുൻപ് ഒന്നു രണ്ട് അഭിമുഖങ്ങളിൽ ഞാൻ എഞ്ചിനിയറിങ് കോളജിൽ നിന്ന് പുറത്തായ കാര്യം പറഞ്ഞിട്ടുണ്ട്. ആറു വർഷം നീണ്ട അമേരിക്കയിലെ പഠനത്തിനു ശേഷം തിരികയെത്തുമ്പോൾ എനിക്ക് ഡിഗ്രി ഇല്ലായിരുന്നു. അതു കൊണ്ട് തന്നെ എനിക്ക് എവിടെ നിന്നു വേണമെങ്കിലും തുടങ്ങാമായിരുന്നു.
ബാംഗ്ലൂർ ഡെയ്സ് എന്ന സിനിമയുടെ ഏഴാം വാർഷികവും ഒരുപാട് നല്ല ഓർമകൾ സമ്മാനിക്കുന്നു. നസ്രിയയെ ഇഷ്ടപ്പെടുന്നതും ഒരുമിച്ചൊരു ജീവിതം ആരംഭിക്കുന്നതുമെല്ലാം. ഒരു എഴുത്തും ഒപ്പം ഒരു മോതിരവും നൽകിയാണ് എന്റെ ഇഷ്ടം നസ്രിയയെ അറിയിച്ചത്. നസ്രിയ യെസ് പറഞ്ഞില്ല നോ എന്നും പറഞ്ഞില്ല. ബാംഗ്ലൂർ ഡെയ്സിൽ അഭിനയിക്കുമ്പോൾ ഞാൻ മറ്റു രണ്ടു സിനിമകളിൽ കൂടി അഭിനയിക്കുന്നുണ്ടായിരുന്നു. മൂന്ന് സിനിമകളിൽ അഭിനയിക്കുകയെന്നത് ആത്മഹത്യാപരമാണ്. പക്ഷേ അപ്പോഴും ഞാൻ ബാംഗ്ലൂർ ഡെയ്സ് ലൊക്കേഷനിലേക്ക് തിരികെപോകാൻ കാത്തിരുന്നു. നസ്രിയയ്ക്ക് ചുറ്റുമുണ്ടാവാൻ ഞാൻ ആഗ്രഹിച്ചു.
എനിക്കൊപ്പം ജീവിക്കാൻ തീരുമാനിച്ചതിനാൽ നസ്രിയ ഒരുപാട് കാര്യങ്ങൾ ജീവിതത്തിൽ വേണ്ടെന്നു വച്ചിട്ടുണ്ട്. ഞാൻ പല കാര്യങ്ങളിലും അശക്തനായിരുന്നു. എല്ലാം അവസാനിക്കുമെന്നൊക്കെ പലപ്പോഴും തോന്നി. പക്ഷേ അത്തരം ചിന്തകളൊക്കെ എന്നെ അലട്ടിയിരുന്നപ്പോൾ നസ്രിയ പറയുമായിരുന്നു. "നിങ്ങൾ ആരാണെന്നാണ് നിങ്ങളുടെ വിചാരം? ആകെ ഒരു ജീവിതമേയുള്ളൂ നിങ്ങൾക്ക് വേണ്ടപ്പെട്ട എല്ലാവരെയും വേണ്ട എല്ലാ കാര്യങ്ങളെെയും ചേർത്തു നിർത്തൂ.. എന്ന്
ഞങ്ങൾ വിവാഹിതരായിട്ട് 7 വർഷമായി. ഇപ്പോഴും ഞാൻ ടിവിയുടെ റിമോട്ട് ബാത്ത് റൂമിൽ മറന്നു വയ്ക്കുമ്പോൾ ‘ നിങ്ങളാരാണെന്നാണ് നിങ്ങളുടെ വിചാരം?’ എന്ന ചോദ്യം വീണ്ടും നസ്രിയ ചോദിക്കും. കഴിഞ്ഞ ഏഴു വർഷം എനിക്ക് ഞാൻ അർഹിക്കുന്നതിലും കൂടുതൽ ലഭിച്ചു. ഞങ്ങൾ ഒന്നിച്ചു ജോലി ചെയ്യുന്നു, പരസ്പരം പിന്തുണയ്ക്കുന്നു ഒന്നിച്ചൊരു കുടുംബമായി നിൽക്കുന്നു.
ഈ അപകടത്തിൽ എന്റെ മൂക്കിൽ പ്രത്യക്ഷത്തിൽ സ്റ്റിച്ചിട്ട മൂന്ന് പാടുകൾ ഉണ്ട്. ചിലപ്പോൾ കുറച്ചു കാലം അതു കാണും അല്ലെങ്കിൽ എക്കാലവും അതവിടെ കാണും. എപ്പോഴും പഠിച്ചു കൊണ്ടിരിക്കുക എന്നതാണ് എന്റെ ജീവിതത്തിൽ ഞാൻ സ്വീകരിച്ചിട്ടുള്ള രീതി. എനിക്കറിയില്ല എന്ന് പറയാൻ ധൈര്യം തന്നതും അതാണ്.
നസ്രിയയ്ക്കൊപ്പം ജീവിതം ആരംഭിച്ച ശേഷമാണ് എനിക്ക് നേട്ടങ്ങൾ ഉണ്ടായി തുടങ്ങിയത്. ഇതൊന്നും ഞാൻ ഒറ്റയ്ക്ക് ചെയ്തതല്ല. നസ്രിയയ്ക്ക് ഞങ്ങളെ കുറിച്ച് അത്ര ഉറപ്പ് ഇല്ലായിരുന്നുവെങ്കിൽ എന്റെ ജീവിതം എന്താകുമായിരുന്നു എന്ന് ഓർക്കുകയാണ്.....
content highlights : fahad faasil about nazriya love life marriage family movies
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..