പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് മേഹൻലാൽ - ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ദൃശ്യത്തിന്റെ രണ്ടാം ഭാ​ഗമായ ദൃശ്യം രണ്ടിനെ. എട്ട് വർഷങ്ങൾക്ക് ശേഷം ജോർജുകുട്ടിയും കുടുംബവും വീണ്ടും പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയിരിക്കുകയാണ്. ചിത്രത്തിൽ ഏറ്റവും ശ്രദ്ധ നേടിയ വേഷങ്ങളിൽ ഒന്നായിരുന്നു എസ്തർ അനിൽ അവതരിപ്പിച്ച അനുമോളെന്ന കഥാപാത്രം. മോഹൻലാൽ അവതരിപ്പിച്ച ജോർജുകുട്ടിയുടെ മകളുടെ വേഷം. ഇപ്പോൾ മോഹൻലാലിനെ കുറിച്ച് എസ്തർ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്.

"സെറ്റിൽ എന്നെ ഏറ്റവും കൂടുതൽ ശല്യപ്പെടുത്തിയിരുന്ന ആൾ, പക്ഷേ എന്നും എനിക്ക് ഏറ്റവും പ്രിയപ്പെട്ട ആളും. ദൃശ്യം 2ന്റെ ചിത്രീകരണം ആരംഭിച്ചപ്പോൾ ചെയ്തു തീർക്കാനുള്ള അസൈൻമെന്റുകളെ കുറിച്ചും എഴുതാനിരിക്കുന്ന പരീക്ഷകളെ കുറിച്ചുമൊക്കെ ആലോചിച്ച് വിഷമിച്ചും ആശങ്കപ്പെട്ടുമാണ് ഞാൻ എന്നും സെറ്റിലെത്തിയിരുന്നത്. എന്നാൽ മനോഹരമായൊരു പുഞ്ചിരിയോടെ ശുഭദിനം നേർന്നുകൊണ്ട് ഈ മനുഷ്യൻ അടുത്തുവരും. ഒരിക്കൽ മാത്രമല്ല, എല്ലാ ദിവസവും. എന്റെ ദിവസത്തെ പ്രകാശപൂരിതമാക്കാൻ അത് ധാരാളമായിരുന്നു. എന്ത് സംഭവിച്ചാലും എന്നെ കളിയാക്കാൻ എന്തെങ്കിലും ഒരു കാരണം അദ്ദേഹം കണ്ടെത്തും, മീനചേച്ചിയും അൻസിബ ചേച്ചിയും അദ്ദേഹത്തിന്റെ ടീമിൽ ചേരും.

എന്തുകൊണ്ടായിരുന്നു എന്നെ മാത്രം ലക്ഷ്യമിട്ടിരുന്നതെന്നാണ് ചിന്തിക്കുന്നത്.. ദൃശ്യം 2ന്റെ ചിത്രീകരണ സമയം ഞങ്ങൾക്കൊക്കെ ഏറ്റവും മനോഹരങ്ങളായ ദിവസങ്ങളായിരുന്നു. കൂടെ പ്രവർത്തിക്കാൻ ഏറ്റവും മികച്ച, സന്തോഷവാനും രസികനുമായ ഒരാളായതിൽ കുന്നോളം നന്ദി ലാലങ്കിൾ. ഒത്തിരി സ്നേഹം,” മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് എസ്തർ കുറിച്ചു.

നല്ലവൻ എന്ന ചിത്രത്തിലൂടെ ബാലതാരമായി അഭിനയരം​ഗത്തെത്തിയ എസ്തറിന്റ രണ്ടാമത്തെ ചിത്രം മോഹൻലാലിനൊപ്പമായിരുന്നു. ഒരു നാൾ വരും എന്ന ചിത്രത്തിൽ മോഹൻലാലിന്റെയും സമീര റെഡ്ഡിയുടെയും മകളായാണ് എസ്തർ വേഷമിട്ടത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Esther Anil (@_estheranil)

Content Highlights : Esther Anil about Mohanlal Drishyam 2 Jeethu jospeh Meena Ansiba