കൊച്ചി: യേശുദാസിന്റെ ഗിറ്റാറിസ്റ്റായിരുന്ന എമില്‍ ഐസക് അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കൊച്ചി സ്വദേശിയായ എമില്‍ കൊല്‍ക്കത്തയിലായിരുന്നു താമസം.

പ്രശസ്ത വയലിനിസ്റ്റ് ജോ ഐസക്കിന്റെയും ഗായിക എമില്‍ഡയുടെയും മകനാണ്.

ജോബ് ജോര്‍ജ്, സി.ഒ. ആന്റോ, സീറോ ബാബു എന്നിവരുടെ കൊച്ചിയിലെ ആസാദ് ക്ലബിലായിരുന്നു എമിലിന്റെ തുടക്കം. പിന്നീട് സ്വന്തമായി ഗാനമേള ട്രൂപ്പ് ഉണ്ടാക്കി. അതിനുശേഷമാണ് യേശുദാസ് തന്റെ ഗിറ്റാറിസ്റ്റാക്കിയത്. യേശുദാസിനൊപ്പം നിരവധി ഗാനങ്ങളില്‍ സഹകരിച്ചു. 

വെസ്‌റ്റേണ്‍ പോപ് ഗ്രൂപ്പ് ഫ്‌ളെമിംഗോയുടെ ലീഡ് ഗിറ്റാറിസ്റ്റായിരുന്നു. കുറച്ചു കാലം മെര്‍വിന്‍ റൂഫ്‌സിന്റെ ട്രൂപ്പില്‍ അംഗമായി. അതുകഴിഞ്ഞാണ് എലീറ്റ് എയ്‌സസ് രൂപവത്കരിച്ചു. ഭക്തിഗാനമേളയിലായിരുന്നു കൂടുതല്‍ സജീവം.

കലാഭവനൊപ്പം അറുപതോളം സംഗീതോപകരണങ്ങളുടെ അകമ്പടിയോടെ ഓർക്കസ്ട്ര കണ്ടക്ട് ചെയ്ത് ചരിത്രം കുറിച്ചിട്ടുണ്ട്. പിന്നീടാണ് ഉഷ ഉതുപ്പുമായി സഹകരിക്കുന്നത്. ഉഷയ്‌ക്കൊപ്പം കൊല്‍ക്കത്തയിലും മുംബൈയിലും പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഉഷ ഉതുപ്പിന്റെ നിരവധി ആല്‍ബങ്ങളിലും എമില്‍ പങ്കാളിയായിട്ടുണ്ട്. ഉഷയുടെ കൊല്‍ക്കത്തയിലെ സ്റ്റുഡിയോ വൈബ്രേഷന്‍സിലെ ചീഫ് സൗണ്ട് റെക്കോഡിസ്റ്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

സംഗീതമയമാണ് എമിലിന്റെ കുടുംബം. റെക്‌സ്, യൂജിന്‍, ആന്റണി, എഫ്രി, ഈലോയ്, എല്‍ഡ്രിജ് എന്നിവരെല്ലാം സംഗീതജ്ഞരാണ്. ഭാര്യ: ഹെലന്‍. രണ്ട് മക്കളുണ്ട്.