ഛായാഗ്രാഹകൻ എൽദോ ഐസക്, ബാല | ഫോട്ടോ: www.facebook.com/eldho.issac.54/photos, www.facebook.com/ActorBalaOfficial
ഷെഫീഖിന്റെ സന്തോഷം എന്ന ചിത്രത്തിൽ പ്രവർത്തിച്ചതിന് പ്രതിഫലം നൽകാതെ നിർമാതാവുകൂടിയായ നടൻ ഉണ്ണി മുകുന്ദൻ പറ്റിച്ചെന്ന ബാലയുടെ ആരോപണം പുതിയ തലങ്ങളിലേക്ക്. തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് വിവാദമായ ഫോൺ സംഭാഷണം ബാല പുറത്തുവിട്ടതെന്ന് ഛായാഗ്രാഹകൻ എൽദോ ഐസക് അറിയിച്ചു. ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് എൽദോ ഇക്കാര്യം പറഞ്ഞത്.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ബാലയുമായുള്ള തന്റെ ഫോൺ സംഭാഷണം ഒരു ചാനലിനോ, ഓൺലൈൻ മീഡിയക്കോ കൊടുത്ത ഇന്റർവ്യൂവിന്റെ ഭാഗമായിട്ടുള്ളതല്ലെന്ന് എൽദോ ഐസക് കുറിച്ചു. സിനിമ വ്യവസായത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഞാൻ മനപൂർവമായി ആരെയും തേജോവധം ചെയ്യാനും തരംതാഴ്ത്തി കാണിക്കാൻവേണ്ടിയും നാളിതുവരെ പ്രവർത്തിച്ചിട്ടില്ല. ഒരു കുടുംബത്തിനകത്ത് എന്നതുപോലെ പരിഹരിക്കേണ്ടിയിരുന്ന കാര്യത്തിനെ പൊതുജനത്തിനിടയിലേക്ക് എത്തിച്ചത്തിൽ മനസ്സ് അറിയാതെയാണെങ്കിലും ഞാനും ഭാഗമാകേണ്ടി വന്നതിൽ അതിയായ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് അദ്ദേഹം എഴുതി.
30 ദിവസം കേരളത്തിൽ ഷൂട്ട് പ്ലാൻ ചെയ്ത ഷെഫീക്കിന്റെ സന്തോഷം എന്നാ സിനിമ 21 ദിവസം കൊണ്ട് ഞങ്ങൾ പൂർത്തീകരിച്ചിരുന്നു. എന്റെ മുൻ സിനിമകളും ഇത്തരത്തിൽ തന്നെ ഷെഡ്യൂൾ പ്ലാൻ ചെയ്ത ദിവസങ്ങൾക്കു മുൻപ് തീർത്തിട്ടുള്ളതാണ്. മുൻപും പറഞ്ഞുറപ്പിച്ചിട്ടുള്ള പ്രതിഫലത്തിൽ നിന്നും പല വിട്ടുവീഴ്ചകളും ചെയ്തിട്ടുമുണ്ട്. ഈ സിനിമയുടെ ആവശ്യങ്ങൾക്ക് അല്ലാതെ പ്രൊഡക്ഷന്റെ ചിലവിൽ ഒരു ദിവസം പോലും യാത്ര ചെയ്യുകയോ ഹോട്ടലിൽ താമസിക്കുകയോ ചെയ്തിട്ടില്ല. ബാലയുടെ ഇന്റർവ്യൂന് ശേഷം വസ്തുതാവിരുദ്ധമായ പല പ്രസ്താവനകളും സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്നുണ്ട്. തീർത്തും അപലപനീയം എന്നേ പറയാൻ സാധിക്കു. എൽദോ ഐസക് കൂട്ടിച്ചേർത്തു.
കഴിഞ്ഞദിവസമാണ് ബാല ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ബാല ഉണ്ണി മുകുന്ദനെതിരെ രംഗത്തെത്തിയത്. ഈ അഭിമുഖത്തിനിടെയാണ് ബാല എൽദോയെ ഫോണിൽ വിളിച്ച് പ്രതിഫലം ലഭിച്ചോ എന്ന് ആരാഞ്ഞത്. ഉണ്ണി മുകുന്ദൻ നിർമിച്ച ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയിൽ അഭിനയിച്ചതിനും അതിന് പിന്നിൽ പ്രവർത്തിച്ച അണിയറപ്രവർത്തകരിൽ പലർക്കും പ്രതിഫലം നൽകിയില്ലെന്നാണ് ബാലയുടെ ആരോപണം. തനിക്ക് പ്രതിഫലം ലഭിച്ചില്ലെങ്കിലും കുഴപ്പമില്ല ബാക്കി പിന്നിൽ പ്രവർത്തിച്ച ആളുകൾക്ക് എങ്കിലും പണം നൽകണമെന്നാണ് ബാല ആവശ്യപ്പെട്ടിരിക്കുന്നത്.
Content Highlights: eldho issac, cinematographer of shefeekkinte santhosham against bala
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..