രാജ് കുന്ദ്ര | ഫോട്ടോ: എ.എഫ്.പി
ബോളിവുഡ് നടി ശില്പ ഷെട്ടിയുടെ ഭർത്താവും വ്യവസായിയുമായ രാജ് കുന്ദ്രയ്ക്കും കൂട്ടാളികൾക്കുമെതിരെ കള്ളപ്പണം വെളുപ്പിക്കലിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. അശ്ലീല സിനിമകൾ നിർമിച്ച് വിതരണം ചെയ്തതുമായി ബന്ധപ്പെട്ടാണ് കേസ്.
2019- ഫെബ്രുവരിയിലാണ് കുന്ദ്ര ആംസ് പ്രൈം മീഡിയാ ലിമിറ്റഡ് എന്ന പേരിൽ കമ്പനിയുണ്ടാക്കുന്നത്. ഈ കമ്പനി ഹോട്ട്ഷോട്ട് എന്ന പേരിൽ ഒരു ആപ്പുണ്ടാക്കി. ഈ ആപ്പ് പിന്നീട് യു.കെ ആസ്ഥാനമായുള്ള കെൻ റിൻ എന്ന കമ്പനിക്ക് വിൽക്കുകയായിരുന്നു. രാജ് കുന്ദ്രയുടെ സഹോദരീ ഭർത്താവായ പ്രദീപ് ബക്ഷിയായിരുന്നു കെൻ റിൻ കമ്പനിയുടെ സി.ഇ.ഓ.
ഹോട്ട്ഷോട്ട് ആപ്പിനുവേണ്ടി കുന്ദ്രയുടെ കമ്പനിയായ വിയാൻ ഇൻഡസ്ട്രീസ് കെൻ റിനുമായി ധാരണയുണ്ടാക്കുകയും കോടികൾ വിയാന്റെ 13 ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറ്റം നടത്തിയെന്നുമാണ് വിവരം.
പോൺ സിനിമകൾ അപ്ലോഡ് ചെയ്ത് പ്രദർശിപ്പിക്കുന്നതിനുള്ള ആപ്ലിക്കേഷനായിരുന്നു യഥാർത്ഥത്തിൽ ഹോട്ട്ഷോട്ട്. ഈ ആപ്പിന്റെ സബ്സ്ക്രൈബർമാരിൽ നിന്ന് ലഭിച്ച തുക കുന്ദ്രയുടെ കമ്പനിയായ വിയാൻ ഇൻഡസ്ട്രീസിന്റെ പേരിലാണ് കൈമാറിയത്. ഇതുവഴി പോൺ സിനിമാ സബ്സ്ക്രിപ്ഷനിലൂടെ ലഭിച്ച പണം യു.കെയിലെ കുന്ദ്രയുടെ കമ്പനിയുടെ അക്കൗണ്ടിൽ എത്തിയിരുന്നു.
2021 ജൂലൈ 19-ന് രാജ് കുന്ദ്രയടക്കം 12 പേർ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നു. സെപ്തംബർ 20 ന്, കേസിൽ കുന്ദ്രയ്ക്ക് 50,000 രൂപയുടെ ജാമ്യത്തിൽ മുംബൈ കോടതി ജാമ്യം അനുവദിച്ചു. അതേസമയം കുന്ദ്ര തനിക്കെതിരേയുള്ള എല്ലാ ആരോപണങ്ങളും നിഷേധിച്ചു. തന്നെ കള്ളക്കേസിൽ കുടുക്കിയിരിക്കുകയാണെന്നാണ് കുന്ദ്ര പറയുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..