അർജുൻ രവീന്ദ്രനും ദുർഗ കൃഷ്ണയും | ഫോട്ടോ: www.instagram.com/durgakrishnaartist/
സിനിമകളിൽ ഇഴുകിച്ചേർന്നഭിനയിക്കുന്നതിന്റെ പേരിൽ നടി ദുർഗ കൃഷ്ണയ്ക്ക് എതിരെ ഉയരുന്ന അധിക്ഷേപ കമന്റുകളിൽ പ്രതികരിച്ച് ഭർത്താവും നിർമാതാവുമായ അർജുൻ രവിന്ദ്രൻ. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അർജുൻ ദുർഗയ്ക്കെതിരെയുള്ള മോശം കമന്റുകൾക്ക് ചുട്ട മറുപടി നൽകിയത്.
എന്റെയും എന്റെ ഭാര്യയുടെയും ജോലി സംബന്ധമായ മേഖല സിനിമ ആയതിനാലും, ആർട്ടിസ്റ്റ് എന്ന നിലയിൽ തിരഞ്ഞെടുക്കുന്ന കഥാപാത്രം ആവശ്യപ്പെടുന്ന പോലെ ദുർഗ്ഗക്ക് ഉത്തരവാദിത്തമുള്ളതു കൊണ്ടും, സിനിമ വേറെ ജീവിതം വേറെ എന്ന് മനസിലാക്കുവാൻ ഉള്ള കോമൺ സെൻസ് ഉള്ളത് കൊണ്ടും; കേവലം ഒരു ലിപ്ലോക്കിന്റെ പേരിൽ എന്റെ നട്ടെല്ലിന്റെ ബലം ചോദ്യം ചെയ്ത പകൽ മാന്യൻമാർക്കും കുലസ്ത്രീകൾക്കും ഒരു ലോഡ് പുച്ഛം ഉത്തരമായി നൽകുന്നു. എന്നാണ് അർജുൻ എഴുതിയത്.
അതിനെ ചൊല്ലി നിങ്ങളുടെ മനസ്സിലെ സദാചാര കുരുക്കൾ പൊട്ടുമ്പോൾ അത് ദുർഗ്ഗ എന്ന അഭിനേത്രിക്കു മാനസികമായി വിഷമങ്ങൾ ഉണ്ടാക്കുന്നുണ്ട്. എങ്കിലും, നിങ്ങളുടെ മനസ്സിൽ നിന്നും പുറത്തു വരുന്ന ദുർഗന്ധവും വ്രണങ്ങളും എന്നെയും എന്റെ കുടുംബത്തെയും കുടുംബാംഗങ്ങളെയും ഒരു വിധത്തിലും ബാധിക്കുന്നില്ല. ഇഷ്ടപ്പെടുന്ന നല്ല കഥാപാത്രങ്ങൾ ചെയ്യാൻ വിധം ദുർഗ്ഗക്ക് പൂർണ സപ്പോർട്ട് എന്റെയും എന്റെ കുടുംബത്തിന്റെയും ഭാഗത്തു നിന്നും തുടർന്നും ഉണ്ടാകുമെന്നും നിങ്ങളെ സന്തോഷത്തോടെ അറിയിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.
'കുടുക്ക് 2025' എന്ന ചിത്രത്തിലെ ലിപ് ലോക്ക് രംഗങ്ങൾക്കെതിരെയാണ് നടിക്കും ഭർത്താവിനും എതിരെ അധിക്ഷേപ കമന്റുകൾ ഉയർന്നുവന്നത്. ഇത്തരം രംഗങ്ങളിൽ അഭിനയിക്കാൻ ഭാര്യയെ പിന്തുണയ്ക്കുന്നതിന് നട്ടെല്ലില്ലാത്ത ഭർത്താവ് എന്നതടക്കമുള്ള അധിക്ഷേപങ്ങൾ അർജുന് എതിരെ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി അദ്ദേഹം രംഗത്തെത്തിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..