സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ മലയാളത്തിനു ലഭിച്ച മൂന്ന് ഭാഗ്യതാരങ്ങളാണ് ദുല്‍ഖര്‍ സല്‍മാനും സണ്ണി വെയ്‌നും ഗൗതമി നായരും. മലയാള സിനിമയുടെ പതിവു ഫോര്‍മുലകളെ അകറ്റി നിര്‍ത്തി, ശ്രീനാഥ് രാജേന്ദ്രന്റെ സംവിധാനത്തില്‍ 2012ല്‍ പുറത്തിറങ്ങിയ ചിത്രത്തിനു ശേഷം മൂന്നു പേര്‍ക്കും പിന്നീട് തിരിഞ്ഞു നേക്കേണ്ടി വന്നില്ല.

ആദ്യ ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായിയ ഗൗതമി നായര്‍ പിന്നീട് ഡയമണ്ട് നെക്ക്‌ലേസില്‍ ഫഹദിന്റെ മൂന്ന് നായികമാരിലൊരാളായി ശ്രദ്ധിക്കപ്പെട്ടു. ദുബായില്‍ നഴ്‌സായി ജോലി നോക്കുന്ന തമിഴ് പെണ്‍കുട്ടിയായാണ് ചിത്രത്തില്‍ ഗൗതമിയെത്തിയത്. ലാല്‍ജോസ് ചിത്രത്തില്‍ തമിഴ് പെണ്‍കൊടിയായെത്തിയ ആ ഉണ്ടക്കണ്ണി നായികയെ മലയാളികള്‍ നെഞ്ചിലേറ്റി. സിനിമാഭിനയത്തിന് ബ്രേക്കിട്ട് പഠനം തുടര്‍ന്ന ഗൗതമി എം എസ് എസി സൊക്കോളജി രണ്ടാം റാങ്കോടെ പൂര്‍ത്തീകരിച്ചതും വാര്‍ത്തയായിരുന്നു. പിന്നീട് സെക്കന്റ് ഷോയുടെ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനെ വിവാഹം ചെയ്ത് സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണുണ്ടായത്. ഗൗതമി ഇപ്പോള്‍ സംവിധായികയായി തിരിച്ചു വരുകയാണ്.

'വൃത്ത'മെന്നാണ് ചിത്രത്തിനു പേരിട്ടിരിക്കുന്നത്. ഗൗതമിക്ക് ആശംസകളറിയിച്ചു കൊണ്ട് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടു.  'എന്റെ ആദ്യ നായിക ഗൗതമി എന്റെ ആദ്യ സഹതാരവും സഹോദരതുല്യനുമായ സണ്ണിച്ചനെ നായകനാക്കി സിനിമ സംവിധാനം ചെയ്യുന്നു. ധന്യമായ ഈ മുഹൂര്‍ത്തത്തില്‍ അവര്‍ക്ക് എല്ലാവിധ ആശംസകളും.' എന്ന അടിക്കുറിപ്പോടെയാണ് ദുല്‍ഖര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

സെക്കന്റ് ഷോയില്‍ ദുല്‍ഖറിന്റെ കാമുകിയായി ഗൗതമിയും ഉറ്റ സുഹൃത്തായി സണ്ണി വെയ്‌നും വേഷമിട്ടിരുന്നു. സണ്ണി വെയ്‌ന്റെ കുരുടി എന്നു വിളിപ്പേരുള്ള നെല്‍സണ്‍മണ്ടേല പി പി എന്ന രസികന്‍ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

 സണ്ണി വെയ്ന്‍, ദുര്‍ഗാ കൃഷ്ണ എന്നിവര്‍ നായികാനായകന്‍മാരാകും. അനൂപ് മേനോന്‍, സൈജു കുറുപ്പ് തുടങ്ങിയവരും ചിത്രത്തിലഭിനയിക്കുന്നു. കെ എസ് അരവിന്ദ്, ഡാനിയേല്‍ സായൂജ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്. തിരുവനന്തപുരം പ്രധാന ലൊക്കേഷനാകുന്ന ചിത്രം ട്രിവാന്‍ഡ്രം ടാക്കീസിന്റെ ബാനറില്‍ ഒലിവിയ സൈറ റൗജുവാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രീകരണം ആരംഭിച്ചു കഴിഞ്ഞു.

poster

Content Highlights : Dulquer Salman wishes actress Gauthami Nair for her directorial debut, Gauthami Nair, Sunny Wayne