രു ഇടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന മലയാള ചിത്രം 'ഒരു യമണ്ടന്‍ പ്രേമകഥ'യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. വിഷ്ണു ഉണ്ണികൃഷ്ണനും ബിബിനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവച്ചുകൊണ്ട് ബിബിനും വിഷ്ണുവും കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്ക് ലൈവില്‍ എത്തിയിരുന്നു.

ദുല്‍ഖര്‍ നായകനായി എത്തുന്ന മലയാള സിനിമ റിലീസ് ചെയ്തിട്ട് 566 ദിവസങ്ങളിലേയ്ക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്നും ആ സാഹചര്യത്തിലാണ് യമണ്ടന്‍ പ്രേമകഥ റിലീസിനെത്തുന്നതെന്നും പ്രേക്ഷകരെപ്പോലെ തങ്ങളും ചിത്രത്തിനായുള്ള കാത്തിരിപ്പിലാണെന്നും ഇരുവരും പറഞ്ഞു.

ബിജോയ് നമ്പ്യാര്‍ ഒരുക്കിയ സോളോയാണ് ദുല്‍ഖറിന്റേതായി റിലീസ് ചെയ്ത അവസാന മലയാള ചിത്രം. 2017 ഒക്ടോബര്‍ അഞ്ചിനായിരുന്നു സോളോ റിലീസ് ചെയ്തത്. ഈ ചിത്രം പുറത്തിറങ്ങി 566 ദിവസങ്ങള്‍ക്കു ശേഷമാകും യമണ്ടന്‍ പ്രേമകഥ റിലീസിനെത്തുക. അങ്ങനെ നോക്കുമ്പോള്‍ ഏപ്രില്‍ 25നാകും ഒരു യമണ്ടന്‍ പ്രേമകഥയുടെ റിലീസ്.

നവാഗതനായ ബി.സി. നൗഫലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം വിഷ്ണു ഉണ്ണികൃഷ്ണന്‍- ബിബിന്‍ ജോര്‍ജ് എന്നിവര്‍ തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണിത്.

സംയുക്ത മേനോന്‍, നിഖില വിമല്‍ എന്നിവരാണ് നായികമാർ. സൗബിന്‍ ഷാഹിര്‍, രമേഷ് പിഷാരടി, ധര്‍മജന്‍ ബോള്‍ഗാട്ടി, സലിം കുമാര്‍, തിരക്കഥാകൃത്തുക്കളായ വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. നാദിര്‍ഷയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ആന്റോ ജോസഫാണ് നിര്‍മാണം.

Dulquer

Content Highlights : Dulquer Salman New Malayalam movie Oru Yamandan Premakadha Vishnu Unnikrishnan Bibin