ബോളിവുഡിലെ പ്രമുഖനായ അഭിനയ പരിശീലകനാണ് സൗരഭ് സച്ദേവ. ബോളിവുഡ് താരങ്ങളായ വരുൺ ധവാൻ, അർജുൻ കപൂർ, റിച്ച ചദ്ദ, തൃപ്തി തുടങ്ങിയവരുടെ കരിയറിന്റെ തുടക്കത്തിൽ‌ അഭിനയത്തിൽ പരിശീലനം നൽകിയത് സൗരഭാണ്. നടൻ ദുൽഖർ സൽമാന്റെ ബോളിവുഡ് അരങ്ങേറ്റ സമയത്ത് താരത്തെ ട്രെയിൻ ചെയ്തെടുത്തതും സൗരഭ് ആയിരുന്നു. ഇപ്പോൾ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ ദുൽഖറിനെക്കുറിച്ച് സൗരഭ് പറഞ്ഞ വാക്കുകളാണ് ആരാധകർക്കിടയിൽ ചർ‌ച്ചയാകുന്നത്.

"ദുൽഖർ വളരെ ശാന്തനായ ഒരു വിദ്യാർത്ഥിയായിരുന്നു. ഒരുപാട് സംസാരിക്കുന്ന കൂട്ടത്തിലല്ല, പക്ഷേ നല്ല നിരീക്ഷണപാടവമുണ്ട്. അദ്ദേഹം കാര്യങ്ങൾ കണ്ട് മനസ്സിലാക്കി പഠിക്കും. ഒരിക്കലും ആരെ കുറിച്ചും മോശമായി സംസാരിക്കില്ല, എല്ലാവരുടെയും അഭിപ്രായങ്ങൾ കേൾക്കും. 
അവൻ വളരെ ശാന്തനായ, റിലാക്സ്ഡ് ആയ ഒരു വിദ്യാർത്ഥിയായിരുന്നു, ഒരുപക്ഷേ അദ്ദേഹത്തെ വളർത്തിയെടുത്ത രീതി അങ്ങനെയാവാം, വളർന്നു വന്ന ലോകം അങ്ങനെയാവാം. അദ്ദേഹത്തിന് അക്രമോത്സുകതയില്ല, ശാന്തതയാണ് മുഖമുദ്ര. ഒരിക്കലും വെറുതേ ഇരിക്കില്ല, എപ്പോഴും സജീവമായി അഭിനയിക്കാൻ തയ്യാറായി ഇരിപ്പുണ്ടാവും..." സൗരഭ് പറയുന്നു.

2018ൽ ആകാശ് ഖുറാന സംവിധാനം ചെയ്ത കാർവാൻ എന്ന ചിത്രത്തിലൂടെയാണ് ദുൽഖർ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. ഇർഫാൻ ഖാൻ, മിഥില പാൽക്കർ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്. 

2019ൽ പുറത്തിറങ്ങിയ സോയ ഫാക്ടർ ആയിരുന്നു ദുൽഖറിന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രം. സോനം കപൂർ നായികയായെത്തിയ സോയ ഫാക്ടർ സംവിധാനം ചെയ്തത് അഭിഷേക് ശർമയാണ്.  

content highlights : Dulquer Salmaan was a quiet student says bollywood Acting coach Saurabh Sachdeva