Dulquer Salmaan
ദുൽഖർ സൽമാന്റെ കുറുപ്പ് നവംബറിൽ റിലീസിനെന്ന് സൂചന. ചിത്രം ഓടിടി റിലീസാണെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നുവെങ്കിലും കേരളത്തിൽ ഒക്ടോബർ 25ന് തീയേറ്ററുകൾ തുറക്കുന്ന സാഹചര്യത്തിൽ കുറുപ്പ് തീയേറ്ററുകളിൽ തന്നെ പ്രദർശനത്തിനെത്തുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇന്ത്യക്ക് പുറത്തും ചിത്രം റിലീസ് ചെയ്യും.
കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത ചിത്രമാണ് കുറുപ്പ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക. ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ മുടക്കുമുതൽ 35 കോടിയാണ്.
ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടൈൻമെന്റ്‌സും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കേരളം, അഹമ്മദാബാദ്, ബോംബെ, ദുബായ്, മാംഗ്‌ളൂർ, മൈസൂർ എന്നിവിടങ്ങളിലായി ആറ് മാസത്തോളമാണ് കുറുപ്പിന്റെ ചിത്രീകരണം നീണ്ടത്.
ദുൽഖർ സൽമാൻ അഭിനയരംഗത്തേക്ക് കടന്നു വന്ന സെക്കൻഡ് ഷോ എന്ന ചിത്രമൊരുക്കിയ സംവിധായകനാണ് ശ്രീനാഥ് രാജേന്ദ്രൻ.
ജിതിൻ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു. വിനി വിശ്വ ലാലാണ് ക്രീയേറ്റീവ് ഡയറക്ടറാണ്. വിനീഷ് ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. വിവേക് ഹർഷനാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്.
മൂത്തോൻ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
content highlights : Dulquer Salmaan Sreenath Rajendran movie Kurup set to release in Theatres in november
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..