മമ്മൂട്ടിക്കൊപ്പം ദുൽഖർ, സല്യൂട്ട് എന്ന ചിത്രത്തിൽ ദുൽഖർ
ദുൽഖർ സൽമാൻ നായകനായെത്തുന്ന സല്യൂട്ടിന്റെ റിലീസ് തീയതി പുറത്ത് വിട്ട് മമ്മൂട്ടി. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രം 2022 ജനുവരി 14ന് തീയേറ്ററുകളിലെത്തും.
മമ്മൂട്ടി പങ്കുവച്ച പോസ്റ്റിന് താഴെ രസകരമായ കമന്റുകളുമായാണ് ആരാധകർ എത്തിയിരിക്കുന്നത്. സാധാരണ ദുൽഖർ ചിത്രങ്ങളുടെ പ്രമോഷന്റെ ഭാഗമായി പോസ്റ്ററുകളോ മറ്റോ മമ്മൂട്ടി സ്വന്തം പേജിലൂടെ പങ്കുവയ്ക്കാറില്ല.
എന്നാൽ അതിനൊരു മാറ്റം വന്നത് ദുൽഖർ ചിത്രം കുറുപ്പിന്റെ ട്രെയ്ലർ മമ്മൂട്ടി തന്റെ പേജിലൂടെ പങ്കുവച്ചപ്പോഴാണ്. എന്നാൽ ഇത് മമ്മൂട്ടിയുടെ ഫോൺ എടുത്ത് ദുൽഖർ തന്നെ പോസ്റ്റ് ചെയ്‍തതായിരിക്കുമെന്ന് ട്രോളുകൾ ഇറങ്ങിയിരുന്നു. പിന്നാലെ കുറുപ്പിൻറെ പ്രീ-റിലീസ് വാർത്താസമ്മേളനത്തിൽ അതുതന്നെയാണ് യഥാർഥത്തിൽ സംഭവിച്ചതെന്ന് ദുൽഖർ വ്യക്തമാക്കുകയും ചെയ്തു.ഇപ്പോൾ സല്യൂട്ടിന്റെ പോസ്റ്ററും അത്തരത്തിൽ മമ്മൂട്ടിയുടെ ഫോൺ അടിച്ചുമാറ്റി ദുൽഖർ തന്നെ പങ്കുവച്ചതാണെന്നാണ് കമന്റുകൾ പറയുന്നത്.
ചിത്രത്തിൽ അരവിന്ദ് കരുണാകരൻ എന്ന പോലീസ് ഉദ്യോഗസ്ഥനായാണ് ദുൽഖർ എത്തുന്നത്.
വേഫെയറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. ദുൽഖറും റോഷൻ ആൻഡ്രൂസും ഒരുമിക്കുന്ന ആദ്യ ചിത്രമാണിത്. തിരക്കഥയൊരുക്കുന്നത് ബോബി സഞ്ജയ് ആണ്.
ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റിയാണ് ചിത്രത്തിലെ നായിക. മനോജ് കെ ജയൻ, അലൻസിയർ, ബിനു പപ്പു, വിജയകുമാർ, ലക്ഷ്മി ഗോപാലസ്വാമി, സാനിയ ഇയ്യപ്പൻ തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു.
ജേക്സ് ബിജോയിയാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. ശ്രീകർ പ്രസാദാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്. ഛായാഗ്രഹണം അസ്‍ലം പുരയിൽ, മേക്കപ്പ് സജി കൊരട്ടി, വസ്ത്രാലങ്കാരം സുജിത് സുധാകരൻ, ആർട്ട് സിറിൽ കുരുവിള, സ്റ്റിൽസ് രോഹിത്, പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനയ്ക്കൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ കെ. സി. രവി, അസോസിയേറ്റ് ഡയറക്ടർ ദിനേഷ് മേനോൻ, ഫർസ്റ്റ് എ. ഡി. അമർ ഹാൻസ്പൽ അസിസ്റ്റന്റ് ഡയറക്ടെഴ്‌സ് അലക്സ് ആയിരൂർ, ബിനു കെ. നാരായണൻ, സുബീഷ് സുരേന്ദ്രൻ , രഞ്ജിത്ത് മടത്തിൽ.പിആർഒ മഞ്ജു ഗോപിനാഥ്.
Content Highlights : Dulquer Salmaan Salute poster Released by Mammootty Trolls, Roshan Andrews DQ Movie Salute release date
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..