ചാര്‍ലിയുടെ ഒന്നാം വാര്‍ഷികത്തില്‍ ചിത്രത്തെക്കുറിച്ചുള്ള ഓര്‍മകള്‍ അയവിറക്കി ദുല്‍ഖര്‍ സല്‍മാന്‍. 2015 ല്‍ ക്രിസ്മസ് റിലീസായെത്തിയ ചിത്രം ദുല്‍ഖറിന്റെ സിനിമാ ജീവിതത്തിലെ മികച്ച വേഷങ്ങളിൽ ഒന്നായിരുന്നു. ചാർലിയുടെ ചിത്രീകരണകാലം ജീവിതം തന്നെ മാറ്റിമറിച്ചുവെന്ന് ദുൽഖർ ഫെയ്സ്ബുക്ക് പോസ്റ്റിൽ ഓർക്കുന്നു.

ചാര്‍ലിയെ ദുല്‍ഖര്‍ ഓര്‍ക്കുന്നതിങ്ങനെ

എനിക്ക് വിശ്വസിക്കാനാകുന്നില്ല ചാര്‍ലി പുറത്തിറങ്ങി ഒരു വര്‍ഷമാകുന്നു. കഥ കേട്ട കാലം മുതൽ കഥാപാത്രത്തെ രൂപപ്പെടുത്തി, അത് ചിത്രീകരിച്ച് സിനിമയായതു വരെയുള്ള കാലം ജീവിതത്തെ അടിമുടി മാറ്റി മറിച്ചു. എല്ലാവരും ചാര്‍ലിയെ സ്‌നേഹിച്ചു. കേരള സര്‍ക്കാരിന്റെ പുരസ്‌കാരം വരെ അതെനിക്ക് നേടിത്തന്നു.

അഭിനയത്തിലൂടെ നമ്മളെ വിസ്മയിപ്പിച്ച കല്‍പന ചേച്ചി മരണമില്ലാതെ ഇപ്പോഴും ഹൃദയത്തില്‍ ജീവിക്കുന്നു. സിനിമയിലെ നായികമാരായ പാറൂ (പാര്‍വതി), പിക്‌സി (അപര്‍ണ), സൗബിൻ, ചെമ്പന്‍ വിനോദ്, വേണുസര്‍ എന്നിങ്ങനെ മികച്ച അഭിനേതാക്കള്‍ക്കൊപ്പം എനിക്ക് ജോലിചെയ്യാന്‍ സാധിച്ചു.  

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അലക്‌സ്, നിര്‍മതാക്കളായ ജോജു, ഷിബിന്‍, ചിത്രത്തിന്റെ കലാ സംവിധായിക ജയശ്രീ, സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍, തിരക്കഥാകൃത്ത് ഉണ്ണിയുടെ മാന്ത്രിക വാക്കുകൾ, ജോയുടെ അവിസ്മരണീയ ഫ്രെയിമുകൾ,  സര്‍വോപതി സിനിമയുടെ എല്ലാമെല്ലാമായ സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് എന്നിവരെയെല്ലാം ഈ അവസരത്തില്‍ ഓര്‍ക്കുന്നു. ചാര്‍ലി എനിക്ക് ഏറെ പ്രത്യേകതകളുള്ള ചിത്രമാണ്. അയാളെ അവതരിപ്പിക്കാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്. ഈ ചിത്രത്തെ അകമഴിഞ്ഞ് സ്‌നേഹിച്ച നിങ്ങള്‍ ഏവര്‍ക്കും നന്ദി.  

ബോക്‌സ് ഓഫീസില്‍ മികച്ച വിജയം നേടിയ ചാര്‍ലി പുരസ്‌കാര വേദിയിലും തിളങ്ങി.  മികച്ച നടനുള്‍പ്പെടെ സംസ്ഥാന സര്‍ക്കാറിന്റെ എട്ട് പുരസ്‌കാരങ്ങളാണ് മാര്‍ട്ടില്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ചാര്‍ലിയെ തേടിയെത്തിയത്.