ആർ. മാധവൻ, ശ്രദ്ധ ശ്രീനാഥ് എന്നിവർ മുഖ്യവേഷത്തിൽ എത്തുന്ന മാരയ്ക്കായി ഹൃദ്യമായ കവിത ആലപിച്ച് ദുൽഖർ സൽമാൻ. 

ചിത്രത്തിന്റെ ട്രെയ്ലറിന് വോയ്സ് ഓവർ ആയാണ് ദുൽഖർ കവിത ആലപിച്ചിരിക്കുന്നത്.  ദുൽഖറിന് നന്ദി അറിയിച്ചുകൊണ്ട്  മാധവൻ വീഡിയോ പങ്കുവച്ചിട്ടുണ്ട്. 

“മനോഹരമായ വോയിസ് ഓവർ സമ്മാനിച്ചതിന് നന്ദി സഹോദരാ, എന്നെങ്കിലും ഒരിക്കൽ നിനക്ക് ഈ ഉപകാരം തിരിച്ചു നൽകാൻ കഴിയുമെന്ന് ഞാൻ കരുതുന്നു. നന്ദി ദുൽഖർ.” വീഡിയോ സന്ദേശത്തിൽ മാധവൻ പറയുന്നു.

ഇതിന് മറുപടിയുമായി ദുൽഖറും രം​ഗത്തെത്തിയിട്ടുണ്ട്.  

മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത ചാർളി എന്ന മലയാളം ചിത്രത്തിന്റെ തമിഴ് റീമേക്ക് ആണ് ‘മാര.’ മലയാളത്തിൽ ദുൽഖർ സൽമാൻ അവതരിപ്പിച്ച കേന്ദ്ര കഥാപാത്രം ചാർളിയെ തമിഴിൽ അവതരിപ്പിക്കുന്നത് മാധവനാണ്.  അലക്‌സാണ്ടർ ബാബു, ശിവദ നായർ, മൗലി, പത്മാവതി റാവ്, അഭിരാമി എന്നിവരാണ് ചിത്രത്തിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ജനുവരി 8-ന് ആമസോൺ പ്രൈം വഴിയാണ് മാരയുടെ ആ​ഗോള റിലീസ്. പ്രമോദ് ഫിലിംസിന്റെ ബാനറിൽ പ്രതീക് ചക്രവർത്തി, ശ്രുതി നല്ലപ്പ എന്നിവർ ചേർന്ന് നിർമിച്ച ചിത്രം ദിലിപ്കുമാർ ആണ് സംവിധാനം ചെയ്യുന്നത്.

Content Highlights : Dulquer Salmaan Poetry for Maara Tamil Remake Of Charlie R Madhavan Sradha Srinath