വിക്രമാദിത്യന് ശേഷം ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഒരു ഭയങ്കര കാമുകന്‍ എന്ന് പേരിട്ടു. ലാല്‍ ജോസ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ പേര് പുറത്തുവിട്ടത്. പതിവുപോലെ എഴുതി തയാറാക്കിയ കത്താണ് ലാല്‍ ജോസ് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

ചാര്‍ളിയുടെ തിരക്കഥയിലൂടെ ദുല്‍ഖറിനെ സംസ്ഥാന പുരസ്‌ക്കാര പട്ടികയില്‍ ചേര്‍ത്ത ഉണ്ണി. ആര്‍ ആണ് ഒരു ഭയങ്കര കാമുകന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

ചാര്‍ളിയുടെ നിര്‍മ്മാതാക്കളില്‍ ഒരാളായിരുന്ന ഷെന്‍ ബക്കറാണ് ചിത്രം നിര്‍മ്മിക്കുന്നത്. എല്‍.ജെ. ഫിലിംസ് വിതരണത്തിന് എത്തിക്കുന്ന ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും ലാല്‍ ജോസ് പുറത്തുവിട്ടിട്ടില്ല. 

മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ചാര്‍ളിയിലൂടെ ദുല്‍ഖര്‍ സല്‍മാന് മികച്ച നടനുള്ള സംസ്ഥാന പുരസ്‌ക്കാരവും ഉണ്ണി. ആറിന് മികച്ച തിരക്കഥാകൃത്തിനുള്ള സംസ്ഥാന പുരസ്‌ക്കാരവും ലഭിച്ചിരുന്നു. ഈ കൂട്ടുകെട്ട് ലാല്‍ ജോസ് സിനിമയ്ക്കായി വീണ്ടും ഒന്നിക്കുമ്പോള്‍ പ്രേക്ഷക പ്രതീക്ഷകള്‍ വലുതാണ്.

ഒരു ചട്ടക്കൂടിനുള്ളില്‍നിന്ന് ദുല്‍ഖര്‍ സല്‍മാന്‍ എന്ന നടനെ പുറത്തുകൊണ്ടു വന്ന ചിത്രമാണ് ചാര്‍ളിയെന്ന് നിരൂപകര്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടിരുന്നു. ചാര്‍ളി എന്ന കഥാപാത്രത്തെ പരുവപ്പെടുത്തിയ ഉണ്ണി ദുല്‍ഖറിനായി വീണ്ടും പേനയെടുക്കുമ്പോള്‍ പ്രണയവും യാത്രയുമൊക്കെയാണ് പ്രമേയമാകുന്നതെന്നാണ് സൂചന.