മിന്നൽ മുരളി എന്ന ചിത്രത്തിനായി കാലടി മണപ്പുറത്ത് ഒരുക്കിയ പള്ളിയുടെ സെറ്റ് നശിപ്പിച്ചതിൽ പ്രതികരണവുമായി നടൻ ദുൽഖർ സൽമാൻ. മറ്റുള്ളവരുടെ ബുദ്ധിമുട്ടുകളും വികാരങ്ങളും ചിലർക്ക് മനസ്സിലാകില്ലെന്നും ദുൽഖർ കുറിച്ചു.

'കേട്ടപ്പോൾ ദുഖം തോന്നി ടൊവീ, ചില ആളുകൾക്ക് മറ്റുള്ളവരുടെ ബുദ്ധിമുട്ടുകളും വികാരങ്ങളും ഇതുപോലൊരു കെട്ടിടം ഉണ്ടാക്കാനുള്ള ചെലവിനെക്കുറിച്ചൊന്നും മനസ്സിലാകുകയില്ല. താങ്കൾക്കും സോഫിയാ മാമിനും (നിർമാതാവ് സോഫിയ പോൾ) മറ്റു ടീമം​ഗങ്ങൾക്കും ഞാൻ‌ പിന്തുണ പ്രഖ്യാപിക്കുന്നു.'- ദുൽഖർ കുറിച്ചു.

ശിവക്ഷേത്രത്തിനു സമീപമായി ക്രിസ്തീയ ദേവാലയത്തിന്റെ മാതൃകയിൽ നിർമിച്ച സെറ്റാണ് അന്താരാഷ്ട്ര ഹിന്ദു പരിഷത്തിന്റെ (എ.എച്ച്.പി.) യുവജന വിഭാഗമായ രാഷ്ട്രീയ ബജ് രംഗ് ദൾ പ്രവർത്തകർ തകർത്തത്. ഈ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ സിനിമാമേഖലയിൽ നിന്നും ശക്തമായ പ്രതിഷേധം ഉയർന്നു. നിർമ്മാതാക്കളുടെ അസോസിയേഷനും ഫെഫ്കയും ഇതു സംബന്ധിച്ച പരാതി ആലുവ റൂറൽ എസ് പിയ്ക്ക് കൈമാറി.

സംഭവത്തിൽ രാഷ്ട്രീയ ബജ്‌റംഗ് ദൾ എറണാകുളം വിഭാഗ് പ്രസിഡന്റ് രതീഷ് മലയാറ്റൂർ,കാലടി സ്വദേശി രാഹുൽ(18)എന്നിവർ അറസ്റ്റിലായി. റൂറൽ എസ്.പി. കെ. കാർത്തികിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

രതീഷിന്റെ നേതൃത്വത്തിൽ രാഷ്ട്രീയ ബജ്‌റംഗ്‌ദളിന്റെ പ്രവർത്തകർ ഞായറാഴ്ച വൈകീട്ട് മൂന്നുമണിയോടെ ആയുധങ്ങളുമായെത്തി സെറ്റ് പൊളിക്കുകയായിരുന്നു. രതീഷ് കൊലപാതകമുൾപ്പെടെ ഒട്ടേറെ കേസുകളിലെ പ്രതിയാണ്.

ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിനുമുൻപ് നിർമിച്ചതാണ് സെറ്റ്. ക്ഷേത്രപരിസരം ഉപയോഗിക്കരുതെന്ന നിബന്ധനയോടെയായിരുന്നു അനുമതി. ലോക്ഡൗണായതോടെ ഷൂട്ടിങ് അനിശ്ചിതത്വത്തിലായി.

ചിത്രീകരണത്തിന് അനുമതി തേടി സിനിമാ പ്രവർത്തകർ അപേക്ഷ നൽകിയിരുന്നുവെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ. തുളസി പറഞ്ഞു. പഞ്ചായത്ത് കമ്മിറ്റിയാണ്‌ അനുമതി നൽകിയതെന്ന്‌ തുളസി പറഞ്ഞു. സംഭവവുമായി സംഘപരിവാർ സംഘടനകൾക്ക്‌ ബന്ധമില്ലെന്ന്‌ ഹിന്ദു ഐക്യവേദി ജനറൽ സെക്രട്ടറി ആർ.വി. ബാബു പറഞ്ഞു.

Content Highlights: Dulquer Salmaan on Minnal Murali church set vandalizing Tovino Thomas rashtreeya bajrang dal arrest