ആരാധകർ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ദുൽഖർ ചിത്രമാണ് 'കുറുപ്പ്'. സുകുമാരക്കുറുപ്പിന്റെ ജീവിതം വരച്ചു കാട്ടുന്ന 'കുറുപ്പ്' പ്രഖ്യാപിച്ചതു മുതൽ സിനിമാലോകത്തെ സജീവ ചർച്ചയാണ്. എന്നാലിപ്പോൾ സിനിമയുടെ പ്രൊമോഷനായി പുതിയ വഴിയുമായെത്തിയിരിക്കുകയാണ് ചിത്രത്തിന്റ അണിയറ പ്രവർത്തകർ.

എൻ.എഫ്.ടി (നോൺ ഫംഗിബിൾ ടോക്കൺസ്)  ഉപയോഗിച്ചാണ് സിനിമയുടെ പ്രൊമോഷൻ ഒരുക്കുന്നത്.  ഇന്ത്യയിൽ തന്നെ ആദ്യമായാണ് എൻ.എഫ്.ടി ഉപയോഗിച്ച് സിനിമയുടെ പ്രൊമോഷൻ ഒരുക്കുന്നത്.

ബ്ലോക്ക് ചെയിൻ എന്നറിയപ്പെടുന്ന ഒരു ഡിജിറ്റൽ ലെഡ്ജറിൽ സൂക്ഷിക്കുന്ന ഡാറ്റയാണ് എൻ.എഫ്.ടി. ഇങ്ങനെ സർട്ടിഫിക്കറ്റ് ലഭിക്കുന്ന ഒരു ഡിജിറ്റൽ മൂല്യമുള്ള കലാവസ്തു ഉടമസ്ഥന്റെ മാത്രമായിരിക്കും. അതിനാൽ തന്നെ കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാണ്. 

ഫോട്ടോ, വീഡിയോ, ഓഡിയോ തുടങ്ങി വിവിധ തരം ഡിജിറ്റൽ ഫയലുകളെ എൻ.എഫ്. ടോക്കണുകൾ ആക്കിമാറ്റാൻ സാധിക്കും.

ഈ രീതിയിൽ ബ്ലോക്ക് ചെയിനിൽ സൂക്ഷിക്കുന്ന കലാസൃഷ്ടി എൻ.എഫ്.ടോക്കണുകൾ വഴി ഉടമസ്ഥാവകാശം സുരക്ഷിതമായിരിക്കുകയും മറ്റാർക്കും തന്നെ കലാസൃഷ്ടിയിൽ ഉടമസ്ഥാവകാശം ഉണ്ടായിരിക്കുകയുമില്ല.

ക്രിപ്‌റ്റോകറൻസി മൂല്യമുള്ള എൻ.എഫ്.ടി ബിറ്റ്‌കോയിൻ പോലെ പകരം വെയ്ക്കാനോ ട്രേഡ് ചെയ്യാനോ സാധിക്കില്ല.

ചിത്രത്തിന്റെ തിയേറ്ററിക്കൽ റിലീസിനൊപ്പം തന്നെ എൻ.ഫ്.ടി ഫോർമാറ്റിലും ചിത്രം പുറത്തു വരുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. 

എം.പി.4 ഫോർമാറ്റിലുള്ള പാട്ടുകളും, ദുൽഖറും സംവിധായകനായ ശ്രീനാഥ് ജയൻ എന്നിവർ ഓട്ടോഗ്രാഫ് ചെയ്ത ഡിജിറ്റൽ ആർട് വർക്കുകളും പോസ്റ്ററുകളും, ഈ പോസ്റ്ററുകളുടെ ജിഫ് (gif) ഫോർമാറ്റ് വേർഷനുകളും എൻ.എഫ്.ടിയിൽ ഒരുങ്ങുന്നുണ്ട്.

കേരളമൊന്നാകെ ചർച്ച ചെയ്ത കുപ്രസിദ്ധനായ സുകുമാരക്കുറുപ്പായാണ് ദുൽഖർ ചിത്രത്തിലെത്തുന്നത്. ഇന്ദ്രജിത്ത്, ശോഭിത, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, സുരഭി ലക്ഷ്മി എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 

മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും നിർമിക്കുന്ന ചിത്രം നവംബറിൽ റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവർത്തകർ അറിയിക്കുന്നത്. ഒക്ടോബർ അവസാനത്തോടെ എൻ.എഫ്.ടി ഫോർമാറ്റും പുറത്തിറങ്ങും.
‌‌

content highlights : Dulquer Salmaan movie Kurup set to be the first movie using NFT