ദുൽഖർ സൽമാൻ, വിജയകുമാർ
നടന്‍ ദുല്‍ഖര്‍ സല്‍മാനെ വിലക്കിയതില്‍ വിശദീകരണവുമായി ഫിയോക് പ്രസിഡന്റ് വിജയകുമാര്‍. ഇന്ന് നടന്ന ഫിയോക് യോഗത്തിന് ശേഷം ദുല്‍ഖറിനെതിരേയുള്ള വിലക്ക് എടുത്തുമാറ്റിയിരുന്നു. ദുല്‍ഖറിന്റെ നിര്‍മാണ കമ്പനിയായ വേഫെറര്‍ ഫിലിംസിനെതിരേയും വിലക്കുണ്ടായിരുന്നു.
സല്യൂട്ട് തിയേറ്റര്‍ റിലീസ് തീരുമാനിച്ചിരുന്ന സിനിമയായിരുന്നുവെന്നും ഒടിടിയില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചതുമൂലമുണ്ടായ സ്വാഭാവിക പ്രതിഷേധമായിരുന്നു അതെന്ന് വിജയകുമാര്‍ പറഞ്ഞു.
''കുറുപ്പ് എന്ന ചിത്രം ഞങ്ങള്‍ക്ക് യാതൊരു കമ്മിറ്റ്‌മെന്റ് ഇല്ലാതിരുന്നിട്ട് കൂടി തിയേറ്ററുകളില്‍ റിലീസ് ചെയ്ത് സഹായിക്കുകയാണ് ദുല്‍ഖര്‍ ചെയ്തത്. ബ്രോ ഡാഡിയടക്കം ഒട്ടേറെ സിനിമകള്‍ ഒടിടിയിലേക്ക് പോയി. ഞങ്ങള്‍ പ്രതിഷേധിച്ചില്ലല്ലോ. കാരണം നിര്‍മാതാവാണ് തീരുമാനിക്കുന്നത് ചിത്രം ഏത് പ്ലാറ്റ് ഫോമില്‍ റിലീസ് ചെയ്യണമെന്നത്. എന്നാല്‍ സല്യൂട്ട് ഞങ്ങളുമായി കരാറുള്ള ചിത്രമായിരുന്നു. ഒരുപാട് തിയേറ്ററുകള്‍ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ തുടങ്ങിയിരുന്നു. ആ ചിത്രം പെട്ടന്നൊരു അറിയിപ്പില്ലാതെ ഒടിടിയില്‍ പോയാല്‍ അതിനുള്ള കാരണം ഞങ്ങള്‍ക്ക് അറിയണം. ഞങ്ങളെ സഹായിച്ച താരമല്ലേ, എന്ന് കരുതി ചോദിക്കാതിരിക്കാനാകില്ല.
അവര്‍ ഞങ്ങള്‍ക്ക് വിശദീകരണം നല്‍കി. അതിങ്ങനെയായിരുന്നു, സല്യൂട്ട് ഒടിടിയ്ക്ക് വേണ്ടി ഒരുക്കിയ ചിത്രമായിരുന്നു. കുറുപ്പ് എന്ന സിനിമയ്ക്ക് തിയേറ്റര്‍ ഉടമകള്‍ നല്‍കിയ സഹകരണം കണ്ടതുകൊണ്ടാണ് ഈ സിനിമയും തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചത്. അതിന് വേണ്ടി അന്‍പത് ലക്ഷത്തോളം അവര്‍ ചെലവാക്കി. ആ സമയത്താണ് ഒമിക്രോണ്‍ വന്നതും റിലീസ് മാറ്റി വയ്‌ക്കേണ്ടി വന്നതും. ഒടിടിയുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം മാര്‍ച്ച് 20 ന് മുന്‍പ് റിലീസ് ചെയ്യണം. അവര്‍ പരമാവധി തിയേറ്റര്‍ റിലീസിന് ശ്രമിച്ചുവെങ്കിലും നടന്നില്ല. അവര്‍ കാരണം വ്യക്തമാക്കിയപ്പോള്‍ ഞങ്ങള്‍ക്കും തൃപ്തിയായി''- വിജയകുമാര്‍ പറഞ്ഞു.
Content Highlights: Dulquer Salmaan Ban, FEUOK President Vijayakumar's Explanation, Salute Movie OTT Release
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..