ദുല്‍ഖര്‍ സല്‍മാന്‍ സുകുമാരക്കുറുപ്പിന്റെ വേഷത്തിലെത്തുന്നു. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ദുല്‍ഖര്‍, 33 വർഷമായി കേരളം തിരഞ്ഞുകൊണ്ടിരിക്കുന്ന, പിടിക്കിട്ടാപ്പുള്ളി സുകുമാരക്കുറുപ്പാകുന്നത്. സിനിമയില്‍ അഭിനയിക്കുന്ന വിവരം ദുല്‍ഖര്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ സ്ഥിരീകരിച്ചു. 

ദുല്‍ഖറിന്റെ അരങ്ങേറ്റചിത്രം സെക്കന്റ് ഷോ ഒരുക്കിയ ശ്രീനാഥായിരുന്നു. സെക്കന്റ് ഷോ ചിത്രീകരിക്കുമ്പോള്‍ ഈ സിനിമയെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നുവെന്ന് ദുല്‍ഖര്‍ പറഞ്ഞു. 2018 ല്‍ സിനിമയുടെ ചിത്രീകരണം തുടങ്ങും.

സുകുമാര കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി നിരവധി സിനിമകള്‍ ഇതിനു മുന്‍പും വെള്ളിത്തിരയിലെത്തിയിട്ടുണ്ട്. 1984 ല്‍ പുറത്തിറങ്ങിയ എന്‍എച്ച് 47 ആയിരുന്നു അതിൽ ശ്രദ്ധേയം. ബേബി സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ടിജി രവിയായിരുന്നു കുറുപ്പിന്റെ വേഷം ചെയ്തത്..

1984ലാണ് എട്ട് ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക ലഭിക്കാൻ വേണ്ടി ചാക്കോ എന്ന ഫിലിം റെപ്രസെന്റേറ്റീവിനെ കാറിലിട്ട് കത്തിച്ച് കൊലപ്പെടുത്തി സുകുമാരക്കുറുപ്പ് മുങ്ങിയത്. മാവേലിക്കരയിൽ ദേശീയപാതയിൽ വച്ചായിരുന്നു സംഭവം. സുകുമാരക്കുറുപ്പുമായി രൂപസാദൃശ്യമുണ്ട് എന്നതായിരുന്നു ചാക്കോയെ കൊലപാതകത്തിന് തിരഞ്ഞെടുക്കാൻ കാരണം. ഭാര്യാസഹോദരൻ ഭാസ്ക്കരപിള്ള, ഡ്രൈവർ പൊന്നപ്പൻ എന്നിവർക്കൊപ്പമാണ്, ഗൾഫിലെ ഒരു എണ്ണക്കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന സുകുമാരക്കുറുപ്പ് കൊലപാതകം ആസൂത്രണം ചെയ്തത്. ഒരു തിയേറ്ററിൽ വച്ച് കണ്ട ചാക്കോയെ കാറിൽ കയറ്റി ശീതളപാനിയത്തിൽ മയക്കുമരുന്ന് കൊടുത്ത് മയക്കിയശേഷം മുഖം തീയിട്ട് വികൃതമാക്കുകയും പിന്നീട് ദേശീയപാതയിൽ കൊണ്ടുപോയി ഡ്രൈവർ സീറ്റിലിരുത്തി കാർ കത്തിക്കുകയുമായിരുന്നു.

സംഭവത്തിനുശേഷം കുറുപ്പിനുവേണ്ടി പോലീസ് രാജ്യമെങ്ങും വലവിരിച്ചെങ്കിലും ഫലമുണ്ടായില്ല. സ്വന്തം മകന്റെ വിവാഹത്തിനുപോലും കുറുപ്പ് എത്തിയിരുന്നില്ല.