-
വരനെ ആവശ്യമുണ്ട് എന്ന ചിത്രം ഓണ്‍ലൈനില്‍ റിലീസായതിനു പിന്നാലെ നിരവധി വിവാദങ്ങളില്‍ കുടുങ്ങിയിരിക്കുകയാണ്. ചിത്രത്തില്‍ സുരേഷ്‌ഗോപിയുടെ കഥാപാത്രം വീട്ടിലെ നായയെ 'പ്രഭാകരാ' എന്നു അഭിസംബോധന ചെയ്യുന്ന രംഗമാണ് ഏറ്റവുമൊടുവില്‍ വിവാദമായിരിക്കുന്നത്. ഈ രംഗം തമിഴ് വംശജരെ അപമാനിക്കാനാണെന്നും മറ്റുമാണ് ഇപ്പോള്‍ വിമര്‍ശനങ്ങളുയരുന്നത്.
വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമൊടുവില്‍ വീണ്ടും മാപ്പു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയായ ദുല്‍ഖര്‍ സല്‍മാന്‍. സുരേഷ് ഗോപിയും നായയും ഉള്‍പ്പെടുന്ന രംഗത്തിലെ തമാശ മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് സിനിമകളിലൊന്നായ പട്ടണപ്രവേശത്തില്‍ നിന്നും കടമെടുത്തതാണെന്ന് ദുല്‍ഖര്‍ വിശദീകരിക്കുന്നു. 1988ല്‍ ശ്രീനിവാസന്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ പിറന്ന ചിത്രത്തില്‍ കരമന ജനാര്‍ദ്ദനന്‍ നായരും തിലകനും തമ്മിലെ സംഭാഷണത്തില്‍ നിന്നുമാണേ ഈ രംഗത്തിലെ തമാശ പിറന്നത്. തമിഴ് ജനതയെ താഴ്ത്തിക്കെട്ടാനൊന്നും ശ്രമിച്ചിട്ടില്ല. വിമര്‍ശനങ്ങളുമായെത്തിയവര്‍ സിനിമ കാണാതെ വെറുതെ വിദ്വേഷം പടര്‍ത്താനാണ് ശ്രമിക്കുന്നതെന്നും ദുല്‍ഖര്‍ പറയുന്നു. ഈ വിവാദത്തിന്റെ പേരില്‍ തന്നെയും സംവിധായകന്‍ അനൂപിനെയും മാത്രമല്ല തങ്ങളുടെ കുടുംബത്തെ ഒന്നടങ്കം മോശം വാക്കുകള്‍ വിളിച്ച് അപമാനിക്കാന്‍ ശ്രമിച്ചവരുമുണ്ടെന്നും ദുല്‍ഖര്‍ വെളിപ്പെടുത്തുന്നു. അത് ഏറെ വേദനിപ്പിച്ചു. ജീവിക്കുന്നവരോ മരിച്ചവരോ ആയ ആരെയും ഈ ചിത്രത്തിലൂടെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ല. അത് തെറ്റിദ്ധാരണ മാത്രമാണെന്നും ദുല്‍ഖര്‍ വ്യക്തമാക്കുന്നു.
തമിഴ് നടന്‍ പ്രസന്ന ദുല്‍ഖറിനെ പിന്തുണച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. തമിഴ് നടനെന്ന നിലയിലും മലയാളം സിനിമകള്‍ കാണുന്ന ആളെന്ന നിലയിലും ദുല്‍ഖറിനോട് മാപ്പു ചോദിക്കുന്നുവെന്ന് പ്രസന്ന കുറിക്കുന്നു. സുരേഷ് ഗോപിയുടെ 'ഓര്‍മ്മയുണ്ടോ ഈ മുഖം' എന്ന ഡയലോഗ് പോലെ പ്രഭാകരാ എന്ന ആ പേരും വിളിയും സിനിമയില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നതെന്നും പ്രസന്ന പറയുന്നു. പ്രസന്നയുടെ വാക്കുകള്‍ക്ക് ദുല്‍ഖര്‍ നന്ദി അറിയിച്ചിട്ടുണ്ട്.
തന്റെ ചിത്രം അനുവാദമില്ലാതെ സിനിമയില്‍ ഉപയോഗിച്ചിട്ടുണ്ടെന്നും ബോഡി ഷെയ്മിങ് ആണ് ചെയ്തതെന്നുമുള്ള ആരോപണവുമായി ഒരു യുവതിയും ചിത്രത്തിനെതിരെ നേരത്തെ രംഗത്തു വന്നിരുന്നു. മന:പൂര്‍വമല്ലെങ്കിലും തെറ്റ് തങ്ങളുടേതാണെന്ന് വെളിപ്പെടുത്തി ദുല്‍ഖര്‍ യുവതിയോടു മാപ്പു ചോദിച്ചിരുന്നു.
Content Highlights : dulquer salmaan apologizing for allegations against varane avashyamundu movie dialogue suresh gopi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..