മണിരത്‌നത്തോടുള്ള കടുത്ത ആരാധന മൂലം തനിക്ക് പലപ്പോഴും സംസാരിക്കാന്‍ പോലും കഴിയാറില്ലെന്ന് ദുല്‍ഖര്‍ സല്‍മാന്‍. പുതിയ ചിത്രമായ മഹാനടിയുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിനിടെയാണ് മണിരത്‌നത്തോടൊപ്പം സിനിമ ചെയ്തതിന്റെ അനുഭവം ദുല്‍ഖര്‍ പങ്കുവയ്ക്കുന്നത്.
2015 ല്‍ പുറത്തിറങ്ങിയ ഓ.കെ കണ്‍മണി എന്ന ചിത്രത്തിന് വേണ്ടിയാണ് ദുല്‍ഖര്‍ മണിരത്‌നത്തിനൊപ്പം ജോലി ചെയ്യുന്നത്. മലയാള സിനിമയ്ക്കപ്പുറം ദുല്‍ഖറിന് ഏറെ പ്രശസ്തി നേടിക്കൊടുത്ത ചിത്രമാണ് ഓ.കെ കണ്‍മണി. നിത്യ മേനോനായിരുന്നു ചിത്രത്തിലെ നായിക.
'മണിരത്‌നം സാറിനെ കാണുമ്പോള്‍ മനസ്സ് പറയും. എന്തെങ്കിലും ചോദിക്കൂ, ബുദ്ധിപരമായി ചോദിക്കൂ. പക്ഷേ ഒന്നും ചോദിക്കാന്‍ കഴിയുകയില്ല. അവസാനം ധൈര്യം സംഭരിച്ച് ഞാന്‍ ചോദിക്കും. സര്‍, അഞ്ജലി പടത്തില്‍ എങ്ങനെയാണ് ആ സീന്‍ ചെയ്തത്. എന്റെ ചോദ്യത്തിനുള്ള ഉത്തരം മണിരത്‌നം സാര്‍ രണ്ട് വരിയില്‍ പറയും. ഞാന്‍ പെട്ടന്ന് നിശബ്ദനാകും. പിന്നെ പെട്ടന്ന് ഒന്നും ചോദിക്കാന്‍ കഴിയില്ല. മണിസാറിനോടുള്ള ബഹുമാനം കാരണമാണ് എനിക്ക് വാക്കുകള്‍ കിട്ടാത്തത്.
മഹാനടി
ഞാന്‍ ഏറെ ആസ്വദിച്ച് ചെയ്‌തൊരു സിനിമയാണ് മഹാനടി. ജെമിനി ഗണേശനായി അഭിനയിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനം തോന്നുന്നു. ഞാന്‍ പ്രത്യേകിച്ച് ഒന്നും ചെയ്തിട്ടില്ല. എല്ലാ കയ്യടികളും ഞങ്ങളെ അണിയിച്ചൊരുക്കിയ കലാകാരന്‍മാര്‍ക്കാണ്. ജെമിനി ഗണേശന്‍ സാറിന്റെ കുടുംബവുമായി ഞാന്‍ സമയം കിട്ടുമ്പോഴൊക്കെ സംസാരിച്ചു. അവര്‍ തന്ന വിവരങ്ങള്‍ എന്നെ ഏറെ സഹായിച്ചിട്ടുണ്ട്.
ഞാനല്ല കീര്‍ത്തിയാണ് സിനിമയിലെ കേന്ദ്രകഥാപാത്രം. സാവിത്രിയുടെ ജീവിതത്തിലെ വ്യത്യസ്തമായ കാലഘട്ടങ്ങളാണ് കീര്‍ത്തി അവതരിപ്പിച്ചിട്ടുള്ളത്. കീര്‍ത്തി വളരെ നന്നായി ചെയ്തിട്ടുണ്ട്' - ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.