അന്തരിച്ച നടൻ ഇർഫാൻ ഖാനെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് നടൻ ദുൽഖർ സൽമാൻ. ദുൽഖറിന്റെ ആദ്യ ബോളിവുഡ് ചിത്രമായ കാർവാനിൽ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് ഇർഫാനായിരുന്നു. 

"എനിക്കിത് ഉൾക്കൊള്ളാനാവുന്നില്ല...

നിങ്ങൾ ഒരു  മഹത്തായ പ്രതിഭയായിരുന്നു, ജീവിക്കുന്ന ഇതിഹാസം, ഒരു അന്താരാഷ്ട്ര സിനിമാതാരമായിരുന്നു.. എന്നിട്ടും, കാർവാനിലെ ഞങ്ങളെല്ലാവരെയും നിങ്ങൾ കണ്ടുമുട്ടിയ ഓരോരുത്തരെയും തുല്യരായി പരി​ഗണിച്ചു.

നിങ്ങളുടെ സ്വഭാവസവിശേഷതയിലൂടെ, ഞങ്ങളെ കുടുംബം പോലെ തോന്നിപ്പിച്ചു. ദയ, നർമ്മം, ആകർഷകത്വം, ജിജ്ഞാസ, പ്രചോദനം, അനുകമ്പ, എല്ലാം നിങ്ങളിലുണ്ടായിരുന്നു.. രസികനായിരുന്നു. 

ഒരു വിദ്യാർഥിയെയും ആരാധകനെയും പോലെ  മുഴുവൻ സമയവും ഞാൻ നിങ്ങളെ നിരീക്ഷിച്ചു. നിങ്ങൾക്ക് നന്ദി, ഷൂട്ടിങ്ങിലുടനീളം എന്റെ മുഖത്ത് നിരന്തരമായ പുഞ്ചിരി ഉണ്ടായിരുന്നു. നേരെ മുഖം പിടിക്കാൻ ആവാത്ത വിധം നിർത്താതെ ഞാൻ ചിരിച്ചു. പലപ്പോഴും വിസ്മയത്തോടെ നിങ്ങളെ ഉറ്റുനോക്കി. പകരമായി നിങ്ങളുടെ മുഖത്ത് എല്ലായ്പ്പോഴും ആ പുഞ്ചിരി ഉണ്ടായിരുന്നു.

ലോകത്തെ നോക്കിയുള്ള പുഞ്ചിരി. പലപ്പോഴും ലോകം നിങ്ങളെെ അത്ഭുതപ്പെടുത്തിയത് പോലെയുള്ള പുഞ്ചിരി.. അങ്ങനെയാണ് ഞാൻ നിങ്ങളെ എപ്പോഴും ഓർമ്മിക്കുന്നത്". ദുൽഖർ കുറിച്ചു

dq

ആകർഷ് ഖുറാന സംവിധാനം ചെയ്ത കാർവാനിൽ അവിനാഷ് രാജ്പുരോഹിത് എന്ന ഐടി പ്രൊഫഷണലായി ദുൽഖർ എത്തിയപ്പോൾ, സുഹൃത്ത് ഷൗക്കത്ത് ആയാണ് ഇർഫാൻ വേഷമിട്ടത്. ഇരുവരും തമ്മിലുള്ള കോമ്പോ തന്നെയായിരുന്നു ചിത്രത്തിന്റെ ഹൈലൈറ്റ്. മിഥില പാർക്കർ ആയിരുന്നു നായിക.

Content highlights : Dulquer Salmaan About Irrfan Khan Karwaan Movie Bollywood Mithila Palkar