കൊച്ചി: ഒരു ഇന്ത്യന്‍ പ്രണയകഥ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സത്യന്‍ അന്തിക്കാട്-ഇക്ബാല്‍ കുറ്റിപ്പുറം ടീം ഒരുമിക്കുന്ന പേരിടാത്ത ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തില്‍ നായികയായി എത്തുന്നത് അനുപമ പരമേശ്വരന്‍. പ്രേമത്തിന് ശേഷം അനുപമ അഭിനയിക്കുന്ന ചിത്രത്തിന്റെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല. പ്രേമം പുറത്തിറങ്ങിയതിന് ശേഷം ജെയിംസ് ആന്‍ഡ് ആലിസ് എന്ന സിനിമയുടെ ക്ലൈമാക്‌സ് സീനില്‍ ഗസ്റ്റ് അപ്പിയറന്‍സില്‍ എത്തിയിരുന്നു. പ്രേമത്തിന് ശേഷം മുഴുനീള കഥാപാത്രം ലഭിക്കുന്ന മലയാള സിനിമ ഇതാണ്. 

ഇതാദ്യമായിട്ടാണ് ദുല്‍ഖര്‍ സല്‍മാന്‍ സത്യന്‍ അന്തിക്കാടിന്റെ സിനിമയില്‍ അഭിനയിക്കുന്നത്. ഇരുവരും ഒരുമിക്കുന്ന പ്രോജക്ട് സംബന്ധിച്ച് നേരത്തെ സ്ഥിരീകരണം ആയിരുന്നുവെങ്കിലും ഇത് സംബന്ധിച്ച വിവരങ്ങളെല്ലാം പുറത്തുവിടാതെ സൂക്ഷിച്ചിരിക്കുകയായിരുന്നു. ചിത്രത്തില്‍ അനുപമയെ കൂടാതെ മറ്റൊരു നായിക കൂടി ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍, ഇത് സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. 

ഫഹദ് ഫാസിലും അമലാ പോളും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ഒരു ഇന്ത്യന്‍ പ്രണയകഥയിലെ അയ്മനം സിദ്ധാര്‍ത്ഥന്‍ ഏറെ ശ്രദ്ധപിടിച്ചുപറ്റിയ കഥാപാത്രമായിരുന്നു. അക്ഷേപഹാസ്യ മോഡലിലായിരുന്നു അയ്മനം സിദ്ധാര്‍ത്ഥന്റെ കഥാപാത്രം. 

ദുല്‍ഖര്‍ സല്‍മാന്റെ പിതാവിന്റെ റോളില്‍ മുകേഷും ഈ സിനിമയില്‍ അഭിനയിക്കുന്നുണ്ട്. ഇന്നസെന്റ്, വിനു മോഹന്‍ തുടങ്ങിയവരും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. വരികള്‍ റഫീഖ് അഹമ്മദ്, സംഗീതം വിദ്യാസാഗര്‍. എസ്. കുമാറാണ് ഛായാഗ്രാഹകന്‍. ഈ മാസം 25ന് ചിത്രീകരണം ആരംഭിക്കുന്ന ചിത്രം ഫുള്‍മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാടാണ് നിര്‍മിക്കുന്നത്.