പൃഥ്വിരാജും സുരാജ് വെഞ്ഞാറമ്മൂടും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ സൂപ്പർഹിറ്റ് ചിത്രം ഡ്രൈവിങ് ലൈസൻസ് ഹിന്ദി റീമേക്കിന്റെ ചിത്രീകരണം തുടങ്ങുന്നു. അക്ഷയ് കുമാറും ഇമ്രാൻ ഹാഷ്മിയുമാണ് റീമേയ്ക്കിൽ പ്രധാന വേഷങ്ങളിൽ‌ അഭിനയിക്കുക. സെൽഫി എന്നാണ് ഹിന്ദിയിൽ ചിത്രത്തിന്റെ പേര്. 

പൃഥ്വിരാജ് അവതരിപ്പിച്ച സിനിമാ നടന്റെ കഥാപാത്രം അക്ഷയ് കുമാറും സുരാജിന്റെ വെഹിക്കിൾ ഇൻസ്പെക്ടറുടെ വേഷത്തിൽ ഇമ്രാൻ ഹാഷ്മിയും അഭിനയിക്കും. രാജ് മെഹ്തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

ചിത്രത്തിലൂടെ പൃഥ്വിരാജിന്റെ നിർമാണ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷൻസ് ഹിന്ദിയിലേക്ക് കാലെടുത്ത് വയ്ക്കാനൊരുങ്ങുകയാണ്. ധർമ  പ്രൊഡക്‌ഷൻസിന്റെ ബാനറിൽ കരൺ ജോഹറും മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. 

ബോളിവുഡിന് ചേർന്ന മാറ്റങ്ങളോടെയാകും റീമേയ്ക്ക് എത്തുക. 

സച്ചി തിരക്കഥ എഴുതിയ ചിത്രം മലയാളത്തിൽ സംവിധാനം ചെയ്തത് ജീൻ പോൾ ലാൽ ആയിരുന്നു. മിയ, ദീപ്തി സതി, സൈജു കുറുപ്പ്, ലാലു അലക്സ് തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്.

content highlights :Driving licence hindi remake Akshay Kumar and Emraan hashmi in Lead roles