ജീത്തു ജോസഫിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായെത്തുന്ന ദൃശ്യം 2ന്റെ റീകാപ് വീഡിയോ പുറത്തിറങ്ങി.

ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ ജോർജുകുട്ടിയുടെയും കുടുംബത്തിന്റെയും ജീവിതത്തിൽ ആറ് വർഷങ്ങൾക്ക് മുമ്പ് സംഭവിച്ച കാര്യങ്ങൾ ജോർജുകുട്ടി തന്നെ നേരിട്ട് പ്രേക്ഷകരോട് പറയുന്ന വീഡിയോ ആണിത്. ദൃശ്യം ആദ്യ ഭാ​ഗത്തിലേക്കൊരു തിരിഞ്ഞു നോട്ടം. 

മലയാള സിനിമയിലെ ബോക്സോഫീസ് റെക്കോർഡ് സൃഷ്ടിച്ച ചിത്രമാണ് ദൃശ്യം. കേബിൾ ടിവി ഓപ്പറേറ്ററായ ജോർജുകുട്ടിക്കും കുടുംബത്തിനും സംഭവിച്ച ദുരന്തവും അതിനെ അവർ അതിജീവിച്ച വഴിയും ഓരോ പ്രേക്ഷകരെയും ആവേശം കൊള്ളിച്ചു. അതേ ആവേശത്തോടെയാണ് ചിത്രത്തിന്റെ രണ്ടാം ഭാ​ഗത്തിനായി പ്രേക്ഷകർ കാത്തിരിക്കുന്നത്. 

ഓടിടി റിലീസായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ഫെബ്രുവരി 19ന് ചിത്രം, ലോകത്തെ 240 രാജ്യങ്ങളിലെ ഉപഭോക്താക്കളിലേക്ക് നേരിട്ടെത്തും. 

ആശിർവാദ്‌ സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്‌ ദൃശ്യം 2 നിർമ്മിച്ചിരിക്കുന്നത്‌. മീന, സിദ്ദിഖ്‌, ആശ ശരത്‌, മുരളി ഗോപി, അൻസിബ ഹസ്സൻ, എസ്തർ അനിൽ, സായികുമാർ, കെ.ബി ​ഗണേഷ് കുമാർ, ജോയ് മാത്യു, അനീഷ് ജി നായർ, അഞ്ജലി നായർ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. 

Content Highlights: Drishyam 2 Recap video Mohanlal Jeethu Joseph Meena ansiba esther Amazon Prime