മേളയില്‍ രഘു നായകനായി ക്യാമറയ്ക്കു മുന്നിലെത്തുമ്പോള്‍ സഹനടനായത് സാക്ഷാല്‍ മമ്മൂട്ടി. പിന്നീട് മമ്മൂട്ടി സിനിമയുടെ കൊടുമുടി കയറിയപ്പോള്‍ താരപരിവേഷങ്ങളില്ലാതെ ചെറിയ സ്വപ്‌നങ്ങളുമായി ജീവിക്കുകയാണ് രഘു. സിനിമയില്‍ 40 വയസ്സുപിന്നിട്ട രഘു നായകനായാണ് തുടങ്ങിയതെങ്കിലും പിന്നീടു കുഞ്ഞു വേഷങ്ങളിലേക്കൊതുങ്ങുകയായിരുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 2 ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തപ്പോള്‍ മലയാള സിനിമയിലെ ആദ്യകാല നായകന്‍ ഒരിക്കല്‍ കൂടി പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. ഇത്തവണ ഹോട്ടല്‍ സപ്ലയറുടെ വേഷത്തില്‍. 

ചേര്‍ത്തല നഗരസഭ 18-ാം വാര്‍ഡില്‍ പുത്തന്‍വെളി രഘു എന്ന ശശിധരന്‍ തികച്ചും യാദൃശ്ചികമായാണ് സിനിമയിലെത്തുന്നത്.

മേളയില്‍ മമ്മൂട്ടിക്കൊപ്പം തുടങ്ങി ഒടുവില്‍ മോഹന്‍ലാലിനൊപ്പം ദൃശ്യം 2  വരെയെത്തുമ്പോള്‍ 31 സിനിമകളാണ് പിന്നിട്ടത്. നാടകത്തിലും സീരിയലിലും കൈവെച്ചെങ്കിലും അവിടെയും ഉയരങ്ങളിലെത്താന്‍ രഘുവിനായില്ല.

സഞ്ചാരി, കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍താടികള്‍, അപൂര്‍വ സഹോദരങ്ങള്‍, ഒരു ഇന്ത്യന്‍ പ്രണയകഥ തുടങ്ങിയ ചിത്രങ്ങളിലെല്ലാം ചെറിയവേഷങ്ങള്‍ ചെയ്തു.

1980-ല്‍ ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജില്‍ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ചെറിയ രഘു നടനായത്. നടന്‍ ശ്രീനിവാസന്‍ നേരിട്ടെത്തിയാണ് രഘുവിനെ സിനിമയിലേക്കെത്തിച്ചത്. കെ.ജി. ജോര്‍ജിന്റെ സര്‍ക്കസ് കൂടാരത്തിന്റെ കഥ പറയുന്ന ചിത്രമായ മേളയില്‍ പ്രധാന കഥാപാത്രമായി അഭിനയിക്കണമെന്ന് കേട്ടപ്പോള്‍ രഘുവിന് അത്ഭുതമായിരുന്നു.

ആലപ്പുഴ സ്വദേശി സുദര്‍ശനനെയും വെട്ടൂര്‍ പുരുഷനെയും കടന്നാണ് നായകാന്വേഷണം രഘുവിലേക്കെത്തിയത്.

അനുയോജ്യന്‍ രഘുവാണെന്നുറപ്പിച്ചത് ശ്രീനിവാസനായിരുന്നു. ശ്രീനിവാസന്റെ കൂടെ ഉണ്ടായിരുന്ന ഫോട്ടോഗ്രഫര്‍ രഘുവിന്റെ വിവിധ പോസിലുള്ള ഫോട്ടൊയും എടുത്തുമടങ്ങി. പിന്നീട് സംവിധായകനായ കെ.ജി. ജോര്‍ജ് എറണാകുളം മാതാ ഹോട്ടലില്‍വച്ച് രഘുവിനെ കാണുകയും തുടര്‍ന്ന് ഷൂട്ടിങ് തുടങ്ങുകയും ചെയ്തു.

ഗോവിന്ദന്‍കുട്ടിയെന്ന കേന്ദ്രകഥാപാത്രമായി രഘുവും മരണക്കിണറില്‍ ബൈക്ക് ഓടിക്കുന്ന സാഹസികനായ രമേശ് എന്ന കഥാപാത്രമായി മമ്മൂട്ടിയും മത്സരിച്ചഭിനയിച്ചു. കന്നഡ നടി അഞ്ജലി നായിഡുവായിരുന്നു രഘുവിന്റെ നായിക.

സ്‌കൂള്‍ കോളേജ് തലങ്ങളില്‍ നാടകവും മിമിക്രിയുമായി നടന്നിരുന്ന രഘുവിന് ആദ്യസിനിമാ വലിയ അനുഭവമായിരുന്നു. തുടര്‍ന്ന് ദൂരദര്‍ശന്‍ നിര്‍മിച്ച വേലുമാലു സര്‍ക്കസിലും പ്രധാനവേഷം രഘുവിനെ തേടിയെത്തി. കൂടാതെ കെ.പി.എ.സി.യിലൂടെ നാടകത്തിലുമെത്തി.

Content Highlights : K. G. George Movie, Mela, Actor Mela Raghu, Mammootty, Mohanlal, Drishyam 2