മോഹൻലാൽ-ജീത്തു ജോസഫ് ടീമിന്റെ സൂപ്പർഹിറ്റ് ചിത്രം ദൃശ്യം 2 ന്റെ കന്നഡ റീമേക്ക് ഒരുങ്ങുന്നു. രവിചന്ദ്രൻ നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പി. വാസുവാണ്. ദൃശ്യ 2 എന്നാണ് സിനിമയുടെ പേര്. ഇ ഫോർ എന്റർടെയ്ൻമെന്റ്സ് ആണ് നിർമാണം. സിനിമയുടെ ചിത്രീകരണം ഈ മാസം ആരംഭിക്കും.

കന്നഡ ദൃശ്യ ആദ്യ ഭാഗത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങൾ തന്നെയാകും രണ്ടാം ഭാഗത്തിലും അണിനിരക്കുക. മലയാളി താരം നവ്യ നായരാണ് ചിത്രത്തിൽ മീനയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആശ ശരത് തന്നെയാണ് കന്നഡത്തിലും ഐജിയുടെ വേഷത്തിൽ എത്തുന്നത്. സിദ്ധിഖിന്റെ കഥാപാത്രത്തെ കന്നഡത്തിൽ അവതരിപ്പിച്ചത് പ്രഭുവായിരുന്നു. ഇവരെക്കൂടാതെ മറ്റ് പ്രമുഖ താരങ്ങളും രണ്ടാം ഭാ​ഗത്തിൽ അണിനിരക്കുമെന്നാണ് സൂചന.

2013 ലാണ് ദൃശ്യം മലയാളത്തിൽ ഒരുങ്ങുന്നത്. ബോക്സോഫീസിൽ ചരിത്ര വിജയം നേടിയ ചിത്രം പല ഇന്ത്യൻ ഭാഷകളിലേക്കും വിദേശ ഭാഷകളിലേക്കും റീമേയ്ക്ക് ചെയ്യപ്പെട്ടു. എട്ട് വർഷങ്ങൾക്ക് ശേഷമാണ് ചിത്രത്തിന്റെ രണ്ടാം ഭാ​ഗവും ജീത്തു ജോസഫ് പുറത്തിറക്കുന്നത്. ഓടിടി റിലീസായി പുറത്തിറങ്ങിയ ദൃശ്യം രണ്ടും വൻ വിജയമായതിനെ തുടർന്ന് മറ്റ് ഭാഷകളിലും രണ്ടാം ഭാ​ഗത്തിന്റെ റീമേയ്ക്കുകൾ ആരംഭിച്ചിരുന്നു.

ദൃശ്യം തെലുങ്കിന്റെ രണ്ടാം ഭാ​ഗം സംവിധാനം ചെയ്യുന്നത് ജീത്തു ജോസഫ് തന്നെയാണ്. വെങ്കടേഷാണ് ചിത്രത്തിലെ നായകൻ. ആദ്യഭാഗത്തിലേതുപോലെ മീനയും എസ്‍തറും തങ്ങളുടെ കഥാപാത്രങ്ങളെ തെലുങ്കിൽ അവതരിപ്പിക്കും. ആശിർവാദ് സിനിമാസിനൊപ്പം സുരേഷ് പ്രൊഡക്ഷൻസ്, രാജ്‍കുമാർ തിയറ്റേഴ്സ് എന്നിവർ ചേർന്നാണ് നിർമ്മാണം.

Content Highlights : Drishya 2 Kannada Remake V Ravichandran Mohanlal Jeethu Joseph Movie