കൊല്ലം: കാഥികനും നാടകസംവിധായകനുമായ കൊല്ലം ബാബു (80) അന്തരിച്ചു. സംസ്‌കാരം ഉച്ചയ്ക്ക് രണ്ടുമണിക്ക് നടക്കും. പതിനായിരത്തിലേറെ വേദികളില്‍ കഥ അവതരിപ്പിച്ച കാഥികനാണ് കൊല്ലം ബാബു.

യവന നാടക ട്രൂപ്പിന്റെ അമരക്കാരനായിരുന്ന കൊല്ലം ബാബുവിന്റെ കലാജീവിതം തുടങ്ങുന്നത് 13-ാം വയസ്സില്‍ നാടകവേദിയിലൂടെയാണ്. 'തെരുവിന്റെ മക്കള്‍' എന്ന അമച്വര്‍ നാടകത്തില്‍ 60 വയസ്സുകാരന്റെ വേഷത്തിലാണ് ആദ്യമായി വേദിയിലെത്തുന്നത്. പിന്നീട് 1959ല്‍ എസ്.എസ്.എല്‍.സി. പരീക്ഷ കഴിഞ്ഞ ഉടനെ കാഥികന്റെ വേഷമണിഞ്ഞു. പാട്ടുകാരനായ സഹോദരന്‍ ഗോപിനാഥന്‍ നായരുടെ പ്രോത്സാഹനമായിരുന്നു അതിന് കാരണമായത്. ചേരിയില്‍ വിശ്വനാഥന്റെ 'നീലസാരി' എന്ന നോവല്‍ സഹോദരന്‍ കഥാപ്രസംഗമാക്കിക്കൊടുത്തു. തുടക്കക്കാരന്റെ വിറയലോടെയെങ്കിലും ആദ്യത്തെ ശ്രമം ഗംഭീരമാക്കി. പിന്നീട് കഥാപ്രസംഗത്തില്‍ തനതായ, തന്റേതായ ശൈലി വെട്ടിത്തുറന്ന് തിരക്കുള്ള കാഥികനായി മാറി.

കഥാപ്രസംഗത്തില്‍ പ്രശസ്തി നേടിക്കഴിഞ്ഞശേഷമാണ് 1982ല്‍ യവന എന്ന നാടക ട്രൂപ്പ് ആരംഭിക്കുന്നത്. കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആരെങ്കിലും വരാതിരുന്നാല്‍ പകരക്കാരനായി മാത്രമായിരുന്നു കൊല്ലം ബാബു പിന്നീട് രംഗപ്രവേശം ചെയ്തിരുന്നത്.

ഓര്‍മ്മയില്‍ ഒരു നിമിഷം (1982), സ്വതന്ത്രന്‍ (1983), ശത്രു (1984), സമാസമം (1985), കാതിലോല പൊന്നോല (1985) എന്നങ്ങനെ യവനയുടെ ആദ്യ അഞ്ചുനാടകങ്ങള്‍ രചിച്ചത് ബേബിക്കുട്ടനായിരുന്നു. പിന്നീട് അഡ്വ. മണിലാലിന്റെ രചനയിലെ അര്‍ഥാന്തരം (1987), അനന്തരാവകാശി (1988), സത്യാന്വേഷി (1989) എന്നീ നാടകങ്ങള്‍ സംസ്ഥാന നാടക മത്സരങ്ങളില്‍ അവതരിപ്പിച്ചു. മൂന്നിനും പുരസ്‌കാരങ്ങളും ലഭിച്ചു. ക്ഷേത്രാചാരങ്ങളെ ചുറ്റിപ്പറ്റിയുള്ള ഒരു കുടുംബത്തിന്റെ കഥ പറഞ്ഞ 'അന്‍പൊലിവി'ന് സംസ്ഥാന നാടക മത്സരത്തില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചു. പിരപ്പന്‍കോട് ശാന്തയായിരുന്നു നായിക കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്. പിന്നെയും യവനയുടെ മടിത്തട്ടില്‍ നിരവധി നാടകങ്ങള്‍ പിറന്നുവീണു. 2014ല്‍ മുഹമ്മദ് വെമ്പായം രചിച്ച 'കാവല്‍ നക്ഷത്രം' ആണ് അവസാനമായി യവനയുടേതായി പുറത്തിറങ്ങിയ നാടകം.

1979ല്‍ കഥാപ്രസംഗത്തിന് സംഗീതനാടക അക്കാദമി പുരസ്‌കാരം, 2010ല്‍ കേരള കഥാപ്രസംഗ അക്കാദമിയുടെ കാഥികശ്രേഷ്ഠ അവാര്‍ഡ്, 2012ല്‍ കഥാപ്രസംഗത്തില്‍ സമഗ്രസംഭാവനാ പുരസ്‌കാരം എന്നിങ്ങനെ നൂറുകണക്കിന് പുരസ്‌കാരങ്ങള്‍ കിട്ടിയിട്ടുണ്ട്. ഭാര്യ: സി.എന്‍.കൃഷ്ണമ്മ. മക്കള്‍: കല്യാണ്‍ കൃഷ്ണന്‍, ആരതി, ഹരികൃഷ്ണന്‍.

Content Highlights: Kollam Babu passes away