ഡോക്ടര്‍ ബിജു സംവിധാനം ചെയ്ത സൗണ്ട് ഓഫ് സൈലന്‍സ് മോണ്‍ട്രിയല്‍ വേള്‍ഡ് ഫിലിം ഫെസ്റ്റിവലിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഓഗസ്റ്റ് 24 മുതല്‍ സെപ്തംബര്‍ 4 വരെയാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. 

കാനഡയിലെ ഏറ്റവും പ്രശസ്ത ചലചിത്ര മേളകളിലൊന്നായ മോണ്‍ട്രിയല്‍ ഫെസ്റ്റിലേക്ക് മൂന്നാം തവണയാണ് ബിജുവിന്റെ ചിത്രം തിരഞ്ഞെടുക്കുന്നത്. സുരാജ് വെഞ്ഞാറമ്മൂടിനെ ദേശീയ പുരസ്‌കാരത്തിന് അര്‍ഹനാക്കിയ പേരറിയാത്തവന്‍ 2014 ലും ഇന്ദ്രജിത്ത്, റിമാ ക്ലലിങ്കല്‍ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തിയ കാടുപൂക്കുന്ന നേരം 2016 ലും മോണ്‍ട്രിയല്‍ ഫെസ്റ്റില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 

സാധാരണക്കാരനില്‍ നിന്നും ബുദ്ധ സന്യാസിയിലേക്കുള്ള ഒരു ആണ്‍കുട്ടിയുടെ യാത്രയാണ് സൗണ്ട് ഓഫ് സൈലന്‍സിന്റെ പ്രമേയം. ആകാശത്തിന്റെ നിറം, വീട്ടിലേക്കുള്ള വഴി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ മാസ്റ്റര്‍ ഗോവര്‍ധനാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായെത്തുന്നത്. കസാക്കിസ്ഥാനില്‍ നടന്ന യുറേഷ്യ ഫിലിം ഫെസ്റ്റിവലിലും സൗണ്ട് ഓഫ് സൈലന്‍സ് പ്രദര്‍ശിപ്പിച്ചിരുന്നു.